അട്ടിമറികൾ, അപ്രതീക്ഷിത വിജയങ്ങൾ

Thursday 18 December 2025 12:51 AM IST

കൊട്ടാരക്കര: അഞ്ചുവർഷത്തെ ഭരണത്തിന് ശേഷം കൊട്ടാരക്കര നഗരസഭയിലും സമീപ പഞ്ചായത്തുകളിലും നടന്ന തിരഞ്ഞെടുപ്പ് പോരാട്ടം അപ്രതീക്ഷിത ട്വിസ്റ്റുകൾ കൊണ്ട് സമ്പന്നമായി. മുൻ അദ്ധ്യക്ഷന്മാരിൽ പലരും സംവരണ മതിലിൽ തട്ടി വീണപ്പോൾ, ചിലർ വാർഡുമാറി ജയിച്ചുകയറി. മറ്റുചിലർ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി കളം വിട്ടു.

നഗരസഭയിൽ 'ചെയർമാൻമാരുടെ' പോരാട്ടം

കൊട്ടാരക്കര നഗരസഭയിൽ കഴിഞ്ഞ ഭരണസമിതിയിൽ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ച മൂന്ന് പ്രമുഖർ, എ. ഷാജു, എസ്.ആർ.രമേശ്, അഡ്വ.കെ.ഉണ്ണികൃഷ്ണമേനോൻ എന്നിവർ വീണ്ടും അദ്ധ്യക്ഷസ്ഥാനം മോഹിച്ചവരായിരുന്നു. എന്നാൽ നഗരസഭാ അദ്ധ്യക്ഷ പദവി വനിതകൾക്കായി സംവരണം ചെയ്തതോടെ ഇവരുടെ മോഹങ്ങൾ വിഫലമായി. ഇതിലും വിചിത്രമായത് നിലവിലെ അദ്ധ്യക്ഷൻ അഡ്വ. ഉണ്ണികൃഷ്ണമേനോന്റെ പിന്മാറ്റമായിരുന്നു. തന്റെ വാർഡ് വനിതാ സംവരണമായതോടെ അദ്ദേഹം കുലശേഖരനല്ലൂർ വാർഡിൽ പ്രചാരണം തുടങ്ങിയെങ്കിലും കേരള കോൺഗ്രസ് (ബി) സ്ഥാനാർത്ഥിയായി എ.ഷാജുവിനെ പാർട്ടി ചെയർമാൻ നേരിട്ടെത്തി പ്രഖ്യാപിച്ചതോടെ ഉണ്ണികൃഷ്ണമേനോന് മത്സരരംഗത്തുനിന്ന് പിന്മാറേണ്ടി വന്നു. അതേസമയം, വാർഡ് മാറി മത്സരിച്ച എ.ഷാജുവും എസ്.ആർ.രമേശും മികച്ച വിജയം നേടി.

പഞ്ചായത്തുകളിൽ വിജയവും ഭരണനഷ്ടവും

  • മേലില: മുൻ പ്രസിഡന്റുമാരായ താരാ സജികുമാർ, പി. ശ്രീജ, എബി ഷാജി എന്നിവരിൽ എബി ഷാജി മികച്ച വിജയം കൈവരിച്ചെങ്കിലും പഞ്ചായത്ത് ഭരണം എതിർമുന്നണി പിടിച്ചെടുത്തതോടെ പ്രസിഡന്റ് പദവി അന്യമായി.
  • വെട്ടിക്കവല: മുൻ പ്രസിഡന്റുമാരായ എം.പി.സജീവ്, തലച്ചിറ അസീസ് എന്നിവർ മത്സരരംഗത്തുണ്ടായിരുന്നില്ല. സജീവ് തന്റെ വാർഡ് വനിതയായതോടെ ഭാര്യയെ മത്സരിപ്പിച്ചു വിജയിപ്പിച്ചു.
  • മൈലം: പ്രസിഡന്റായിരുന്ന ബിന്ദു ജി.നാഥ് മത്സരരംഗത്തുണ്ടായിരുന്നില്ല. ഇവിടെ ഭരണത്തുടർച്ച ലഭിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായി മാറി.
  • വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന കെ. ഹർഷകുമാർ, എസ്. രഞ്ജിത് എന്നിവർ ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നില്ല.
  • ഏറ്റവും വലിയ അട്ടിമറി നടന്നത് നെടുവത്തൂർ ഗ്രാമപഞ്ചായത്തിലാണ്. സിറ്റിംഗ് പ്രസിഡന്റ് വി.കെ. ജ്യോതിയെ മുൻ പ്രസിഡന്റ് ബി. അനിൽകുമാർ സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെടുത്തി. രണ്ട് പ്രമുഖ മുന്നണികളെയും പിന്നിലാക്കി ബി.ജെ.പി ഭരണം പിടിച്ചെടുത്തു.