മത്സരം തിരുവനന്തപുരത്ത് നടത്താമായിരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 ഉപേക്ഷിച്ചതിന് പിന്നാലെ പ്രതികരിച്ച് തരൂർ

Wednesday 17 December 2025 11:59 PM IST

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഏറെ നിരാശരാക്കി ഇന്ന് ലക്‌നൗവിൽ നടക്കാനിരുന്ന ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി 20 മത്സരം മൂടൽമഞ്ഞ് കാരണം ഉപേക്ഷിച്ചിരുന്നു. മഞ്ഞുവീഴ്‌ച കാരണം ആദ്യം മത്സരം തുടങ്ങാൻ താമസിച്ചു. പിന്നീട് വൈകിട്ട് 6.50, രാത്രി 7.30,8മണി, 8.30, 9 മണി എന്നീ സമയം പിച്ച് പരിശോധിച്ച് ടോസ് പോലുമിടാനാകാതെ മത്സരം ഉപേക്ഷിച്ചു. ഇതോടെ കടുത്ത ശൈത്യസമയത്ത് വടക്കേ ഇന്ത്യയിൽ മത്സരം സംഘടിപ്പിച്ച ബിസിസിഐ തീരുമാനത്തെ ആരാധകർ വ്യാപകമായി വിമർശിക്കുകയാണ്. 'നാണമുണ്ടോ?' എന്നെല്ലാമാണ് ആരാധകർ ചോദിക്കുന്നത്. മത്സരം നടക്കാതിരുന്നതിനെ കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയും വിമർശന വിധേയമാക്കി.

'ലക്‌നൗവിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരം തുടങ്ങാൻ ആരാധക‌ർ കാത്തിരുന്നത് വെറുതെയായിരുന്നു. മിക്ക ഉത്തരേന്ത്യൻ നഗരങ്ങളും പുകമഞ്ഞ് കാരണം ക്രിക്കറ്റ് കളിക്കാനാകാത്ത അവസ്ഥയിലാണ്. ബിസിസിഐ മത്സരം തിരുവനന്തപുരത്ത് ഷെഡ്യൂൾ ചെയ്യണമായിരുന്നു.' തരൂർ എക്‌സിൽ കുറിച്ചു. ബിസിസിഐ നമ്മളെ ഒരിക്കലും നിരാശപ്പെടുത്താതിരിക്കില്ല എന്നാണ് ചില ആരാധകർ അദ്ദേഹത്തിന്റെ പോസ്റ്റിൽ മറുപടി നൽകിയത്. നിലവിൽ മത്സരം ഉപേക്ഷിച്ചതോടെ അവസാന മത്സരം ദക്ഷിണാഫ്രിക്കയ്‌ക്ക് നിർണായകമായി. മത്സരം ജയിച്ചാൽ 2-2ന് പരമ്പര സമനിലയിലാക്കാം. അതേസമയം ഇന്ത്യ ജയിച്ചാൽ 3-1ന് പരമ്പര സ്വന്തമാക്കാം.