ടി.കെ.ഷഹൽ ഹസൻ മുസല്യാർക്ക് ക്വയിലോൺ ബീച്ച് ഹോട്ടലിന്റെ സ്നേഹാദരം
കൊല്ലം: വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാരിന്റെ കേരളശ്രീ പുരസ്‌കാരം ലഭിച്ച ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ടി.കെ.ഷഹൽ ഹസൻ മുസല്യാരെ ക്വയിലോൺ ബീച്ച് ഹോട്ടൽ ബോർഡ് ഒഫ് ഡയറക്ടേഴ്സിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ക്വയിലോൺ ബീച്ച് ഹോട്ടലിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ കെ.ശ്രീകുമാർ ഷഹാൽ മുസല്യാരെ പൊന്നാട അണിയിച്ചും മെമന്റോ നൽകിയും ആദരിച്ചു. ടി.കെ.എം എൻജിനിയറിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ പി.ഒ.ജെ.ലബ്ബ, മുൻ അദ്ധ്യാപകർ, ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മകളിലൊന്നായ ടി.കെ.എം 60 പ്ലസ് സ്ഥാപക മെമ്പർ അഡ്മിറൽ രവി മേനോൻ, നിലവിലെ പ്രസിഡന്റ് വീണ, പൊതുമരാമത്ത് വകുപ്പ് ചീഫ് ആർക്കിടെക്ട് ഗിരീഷ്, റിട്ട. സൂപ്രണ്ടിംഗ് എൻജിനിയർ ഖാൻ, ടി.കെ.എം 60 പ്ലസ് അംഗങ്ങൾ, മറ്റ് പൂർവ വിദ്യാർത്ഥി സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
ടി.കെ.എം എൻജിനിയറിംഗ് കോളേജിനെ രാജ്യത്തെ ഏറ്റവും പ്രമുഖ എൻജിനിയറിംഗ് കോളേജാക്കി വളർത്തിയ ടി.കെ.ഷഹൽ ഹസൻ മുസല്യാരുടെ സക്രിയമായ പ്രവർത്തനം പൂർവ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കുവച്ചു. അദ്ദേഹം സ്വീകരിച്ച ധീരമായ നിലപാടുകൾ സംബന്ധിച്ച ഓർമ്മകളും കൂട്ടായ്മയിൽ ഉയർന്നു.
ക്വയിലോൺ ബീച്ച് ഹോട്ടലും ടി.കെ.എം 60 പ്ലസ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയും നൽകിയ സ്വീകരണം എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കുമെന്ന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ടി.കെ.ഷഹൽ ഹസൻ മുസല്യാർ പറഞ്ഞു. ടി.കെ.എം ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, ട്രസ്റ്റിന് കീഴിലുള്ള വിവിധ കോളേജുകളുടെ പ്രിൻസിപ്പൽമാർ തുടങ്ങിയവർ പങ്കെടുത്തു.