സ്വർണക്കൊള്ള: പ്രവാസി വ്യവസായിയുടെ മൊഴിയിൽ അന്വേഷണം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയ്ക്ക് വിദേശ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി നൽകിയ മെഴിയിൽ എസ്.ഐ.ടി അന്വേഷണം തുടങ്ങി. രമേശ് ചെന്നിത്തലയാണ് കൊള്ളയ്ക്ക് അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി ബന്ധമുണ്ടെന്നും ഇക്കാര്യം നേരിട്ടറിയുന്ന ആൾ മൊഴി നൽകുമെന്നും എസ്.ഐ.ടിയെ അറിയിച്ചത്.
,,ശബരിമലയിൽ നിന്ന് കടത്തിയ സ്വർണപ്പാളികൾ പുരാവസ്തുക്കളായി 500 കോടിക്ക് വിദേശത്ത് വിറ്റെന്നാണ് ചെന്നിത്തലയുടെ മൊഴി. ഇത് സാധൂകരിക്കുന്ന വിവരങ്ങളാണ് പ്രവാസി വ്യവസായി വെളിപ്പെടുത്തിയത്. ചെന്നിത്തലയുടെ ആരോപണം ശരി വച്ച വ്യവസായി, അഞ്ഞൂറ് കോടിയുടെ പുരാവസ്തു കടത്താണു നടന്നതെന്ന് പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകി. ഫോണിലൂടെയാണ് എസ്ഐടി വിവരങ്ങൾ ശേഖരിച്ചത്. മൂന്നു മണിക്കൂറോളം വ്യവസായിയുമായി അന്വേഷണസംഘം സംസാരിച്ചതായാണ് വിവരം. വൈകാതെ നേരിട്ട് മൊഴിയെടുക്കും. പുരാവസ്തു കടത്ത് സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ വ്യവസായി കൈമാറിയെന്നാണ് സൂചന. മൊഴി ലഭിച്ചതോടെ വിശദാന്വേഷണത്തിലേക്ക് കടക്കാനാണ് നീക്കം.
സ്വർണം മോഷ്ടിച്ചതിലല്ല; പാട്ടിലാണ് പരാതി:സണ്ണിജോസഫ്
ശബരിമലയിൽ കള്ളൻ കപ്പലിൽ തന്നെയെന്ന് ആദ്യം പറഞ്ഞത് താനെന്ന് കെ.പി.സി.സി. അദ്ധ്യക്ഷൻ സണ്ണിജോസഫ് . എന്നാൽ ഇപ്പോൾ അതും കഴിഞ്ഞ് കപ്പിത്താൻ തന്നെ സി.പി.എം നേതാക്കളാണെന്ന് തെളിഞ്ഞു. സ്വർണം മോഷ്ടിച്ചതിൽ പരാതിയില്ലാത്ത സി.പി.എമ്മിന് അതെക്കുറിച്ച് എഴുതിയ പാട്ടിലാണ് പരാതി. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സി.പി.എം അവകാശവാദം പൊള്ളയാണെന്നു തെളിഞ്ഞെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
പിണറായി ബോംബ് സ്ഫോടനം തേച്ചുമായ്ക്കാൻ ശ്രമം
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പിണറായിയിൽ സി.പി.എം പ്രവർത്തകൻ ബോംബ് നിർമാണത്തിനിടയിൽ ഗുരുതരമായി പരിക്കേറ്റ സംഭവത്തെ തേച്ചുമായ്ക്കാൻ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും സംഘടിതമായി ശ്രമിക്കുകയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് ആരോപിച്ചു. പടക്കം പൊട്ടിയതാണ് അപകടകാരണമെന്ന സി.പി.എം വിശദീകരണം ഏറ്റവും വലിയ പടക്കമാണെന്നും അദ്ദേഹം പരിഹസിച്ചു.