സെൻട്രൽ ഫോറൻസിക് ലബോറട്ടറിക്ക് തിരുവനന്തപുരം ടെക്നോസിറ്റിയിൽ ഭൂമി

Thursday 18 December 2025 12:33 AM IST

തിരുവനന്തപുരം: സെൻട്രൽ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കുന്നതിന് ടെക്നോപാർക്ക് ഫേസ് 4 ക്യാമ്പസായ ടെക്നോസിറ്റിയിലെ മേൽതോന്നയ്ക്കൽ വില്ലേജിലെ 5 ഏക്കർ ഭൂമി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പാട്ടത്തിന് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഏക്കറിന് പ്രതിവർഷം 100 രൂപ നിരക്കിൽ 90 വർഷത്തേക്ക് പാട്ടത്തിന് നല്‍കുന്നതിന് ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് അനുമതി നൽകി.

പാലക്കാട്ട് കിൻഫ്രയുടെ കൈവശമുള്ള 74 ഏക്കർ ഭൂമി പെട്രോളിയം, ഓയിൽ, ലൂബ്രിക്കന്റ് ടെർമിനൽ സ്ഥാപിക്കുന്നതിനും (70 ഏക്കർ), നിലവിലുള്ള എൽ.പി.ജി ടെർമിനലിന് പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനുമായി (4 ഏക്കർ) ബി.പി.സി.എല്ലിന് പാട്ടത്തിന് നൽകുന്നതിന് കിൻഫ്രയും ബി.പി.സി.എല്ലും തമ്മിലുള്ള പാട്ടക്കരാർ രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവ ഇളവ് ചെയ്തു നല്‍കും.

അഷ്ടമുടി കായലിൽ (നീണ്ടകര ഹാർബർ) നിന്നും ഡ്രഡ്‌ജ്‌ ചെയ്ത 45000 മുതൽ 50000 വരെ ക്യുബിക്ക് മീറ്റർ മണ്ണ് ചവറ ഗവൺമെന്റ് സ്കൂളുകൾ /കോളേജ് ഗ്രൗണ്ട് നിർമ്മാണ പ്രവൃത്തികൾക്ക് അനുവദിക്കും. പഞ്ചായത്തിൻ്റെ ഫീസും, റവന്യൂ വകുപ്പിൽ നിന്നുള്ള, സിനറേജ് ചാർജ്ജും, കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിലെ റോയൽറ്റിയും ഒഴിവാക്കി നൽകും.

സംസ്ഥാന ന്യൂനപക്ഷ വികസന കോർപ്പറേഷന്റെ പുതിയ റീജിയണൽ ഓഫീസ് കോട്ടയത്തും ആലപ്പുഴയിലും ആരംഭിക്കും. ഡെപ്യൂട്ടി മാനേജർ, ജൂനിയർ അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍റന്റ് എന്നീ തസ്തികള്‍ അനുവദിക്കും. കോഴിക്കോട് പ്രവർത്തിച്ചു വരുന്ന റീജിയണൽ ഓഫീസിന് അനുമതി നൽകാനും തീരുമാനിച്ചു. നടത്തിപ്പ് ചെലവ് കോർപ്പറേഷൻ വഹിക്കണം എന്ന വ്യവസ്ഥയിലാണ് അനുമതി.