മോഡൽ പ്രീ സ്കൂളുകളിലെ ഓണറേറിയം വർദ്ധിപ്പിച്ചു #ഔഷധിയിൽ വിരമിക്കൽപ്രായം 60

Thursday 18 December 2025 12:37 AM IST

തിരുവനന്തപുരം: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 18 മോഡൽ പ്രീ സ്കൂളുകളിലെ ജീവനക്കാരുടെ ഓണറേറിയം വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ടീച്ചർക്ക് 13,000 രൂപയായും, ആയ/ഹെൽപ്പർക്ക് 9000 രൂപയായുമാണ് പ്രതിമാസം ഓണറേറിയം വർദ്ധിപ്പിച്ചത്.

ദി ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഇന്ത്യൻ മെഡിസിൻസ്) കേരള ലിമിറ്റഡ് (ഔഷധി) ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 വയസ്സിൽ നിന്നും 60 വയസ്സാക്കി ഉയർത്തും. മലബാർ കാൻസർ സെന്ററിലെ ജീവനക്കാർക്ക് എൽ.ഐ.സിയുമായി ചേർന്ന് പെൻഷൻ പദ്ധതി നടപ്പിലാക്കും.

കോഴിക്കോട് സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ് പ്ളാന്റേഷന്റെ ഒന്നാം ഘട്ടത്തിലേക്ക് തസ്തികകൾ അനുവദിച്ചു. പ്രൊഫസർ- 14, അസോസിയേറ്റ് പ്രൊഫസർ -7, അസി. പ്രൊഫസര്‍ - 39 എന്നിങ്ങനെയാണിത്.

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ അവയവദാന പദ്ധതിയുടെ തുടർ നടത്തിപ്പിന് ഒരു ട്രാൻസ്‌പ്ലാന്റ് കോർഡിനേറ്റർ തസ്തിക നിലനിറുത്തും.

മലപ്പുറം ജില്ലയിലെ വേങ്ങര ഉപജില്ലയിലെ കാരാത്തോട് പി.എം.എസ്.എ.എം.യു.പി. സ്കൂളിൽ 2022-23 അധ്യയന വർഷത്തിൽ ജൂനിയർ അറബിക് ഫുൾടൈം തസ്തിക-1, ജൂനിയർ സംസ്കൃതം പാർട്ട് ടൈം തസ്തിക-1 എന്നീ അധിക തസ്തികകൾ അനുവദിക്കും.

രാത്രികാല പട്രോളിംഗ് ഡ്യൂട്ടിക്കിടെ അപകടം സംഭവിച്ച് കാൽ മുറിച്ചുമാറ്റിയ കാസർകോട് ജില്ലയിലെ ഹാർബർ റസ്ക്യൂ ഗാർഡ് ബിനീഷിന് നേരത്തെ അനുവദിച്ച 55,000 രൂപയുടെ ധനസഹായത്തിന് പുറമെ 5 ലക്ഷം രൂപ കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.

മുണ്ടക്കയം ഭൂമി പതിവ് സ്പെഷ്യൽ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിച്ച രണ്ട് ചെയിൻമാരുടെ നിയമനം സാധൂകരിച്ചു.