സൂരജ് ലാമ: ഇന്റലി. റിപ്പോർട്ട് ലഭിച്ചില്ലേയെന്ന് കോടതി

Thursday 18 December 2025 12:55 AM IST

കൊച്ചി: കുവൈറ്റിൽ നിന്ന് നാടുകടത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയെ കാണാതായ കേസിൽ കർശന നിലപാടുമായി ഹൈക്കോടതി. ലാമയെ ഡീപോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജൻസിൽ നിന്ന് വിവരങ്ങൾ ലഭിച്ചിരുന്നില്ലേയെന്ന് കൊച്ചി വിമാനത്താവള കമ്പനിയോട് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ ഇന്ന് വിശദീകരണം നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.

നാടുകടുത്തൽ നടപടിക്ക് കേന്ദ്രതലത്തിൽ പ്രോട്ടോക്കോൾ നിലവിലുണ്ട്. സൂരജ് ലാമ നാടുകടത്തപ്പെട്ട് എത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജൻസ് കൊച്ചി എയർപോർട്ട് മാനേജരുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും ലാമയുടെ അവശതകൾ അതിൽ പറഞ്ഞിരുന്നുവെന്നുമാണ് കോടതിക്ക് ലഭിച്ച വിവരം. ഇക്കാര്യത്തിൽ സിയാൽ വിശദീകരണം നൽകണം. കേന്ദ്ര ഇന്റലിജൻസിൽ നിന്ന് വിവരം ലഭിച്ചിരുന്നെങ്കിൽ തുടർനടപടി എന്തായിരുന്നുവെന്നും അറിയിക്കണം. സൂരജിന്റെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ എവടെപ്പോയെന്നും ചോദിച്ചു. ഇദ്ദേഹത്തെ ബംഗളൂരുവിലേക്കാണ് അയയ്ക്കേണ്ടിയിരുന്നതെന്നും അഭിപ്രായപ്പെട്ടു.