നൈറ്റ്ക്ലബ് സംസ്കാരത്തെ നശിപ്പിക്കുന്നു: ഗവർണർ
കോഴിക്കോട്: നൈറ്റ്ക്ലബ് സംസ്കാരത്തെ നശിപ്പിക്കുകയാണെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഗോവ വിമോചന സമര വാർഷിക ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരികമായി വളരെ ഉയർന്നവരും സമ്പന്നരുമുള്ള ഈ സമൂഹത്തിൽ എവിടെ നിന്നാണ് നെെറ്റ് ക്ലബ് സംസ്കാരം കടന്നുവന്നത്. ആരാണ് ഇത് തഴച്ചുവളരാൻ അനുവദിക്കുന്നത്?ഇത്തരം ക്ളബുകൾ എന്ത് സന്തോഷമാണ് നൽകുന്നത്. എന്തിനാണ് കുടുംബവുമൊത്ത് അവിടേക്ക് പോകുന്നത്.? പെൺകുട്ടികളടക്കം വളരെ മോശമായിട്ടാണ് അവിടെ ഡാൻസ് ചെയ്യുന്നത്.ഗോവയുടെ വിമോചന ദിനം ആഘോഷിക്കുമ്പോൾ തന്നെ, ഗോവ ഈ സംസ്കാരത്തിലേക്ക് നീങ്ങുന്നത് കാണുമ്പോൾ വേദനയുണ്ട്. ഗോവയിൽ സംഭവിച്ചത് നാളെ കേരളത്തിലും സംഭവിക്കാൻ പാടില്ല. ഗോവ ലോകമെമ്പാടും ഒരു വിനോദസഞ്ചാര കേന്ദ്രമാണെങ്കിലും, ടൂറിസത്തിനും അതിന്റേതായ പോരായ്മകളുണ്ട്. ഈ പോരായ്മ കേരളത്തിലേക്ക് വരരുത്. അത് സർക്കാരിന്റെ മാത്രമല്ല, സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഗോവ വിമോചന പ്രക്ഷോഭത്തിൽ പങ്കെടുത്ത സമരസേനാനികളെ ചടങ്ങിൽ ആദരിച്ചു. മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സിറ്റി പ്രസിഡന്റ് അഡ്വ.കെ.പി പ്രകാശ് ബാബു, കെ.ബി ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.