ശബരിമല സ്വർണക്കൊള്ളക്കേസ്: ഇ.ഡി കള്ളപ്പണം ഇടപാട് മാത്രമേ അന്വേഷിക്കാവൂയെന്ന് പ്രോസിക്യൂഷൻ
കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളുടെ എഫ്.ഐ.ആർ ഉൾപ്പടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വെള്ളിയാഴ്ച വിധി പറയും.
വിവരങ്ങൾ കൈമാറാൻ തയ്യാറാണെന്നും എന്നാൽ, ഇ.ഡി ആവശ്യപ്പെടുന്നപോലെ കള്ളപ്പണം വെളിപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ മാത്രമേ അന്വേഷണം തത്കാലം പാടുള്ളുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. മറ്റുകാര്യങ്ങളിൽ സമാന്തര അന്വേഷണമുണ്ടായാൽ നിലവിലെ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച തുക സംബന്ധിച്ചുള്ള അന്വേഷണത്തിനാണ് പകർപ്പുകൾ ആവശ്യപ്പെടുന്നതെന്ന് ഇ.ഡിയുടെ അഭിഭാഷകൻ പറഞ്ഞു.
രേഖകൾ കൈമാറാൻ കോടതി അനുമതി നൽകിയാൽ ഇ.ഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും. ശബരിമല സ്വർണാപഹരണ കേസുകളിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ ഐ.പി.സി 467-ാം വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളതു കൊണ്ടാണ് കേസിലെ വിവരങ്ങൾ ആരായുന്നതെന്നാണ് ഇ.ഡി പറയുന്നത്. അതിന് പുറമേ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാർ ഉൾപ്പടെയുള്ള പൊതുസേവകരാണ് കേസിൽ അറസ്റ്റിലായത്. കേസിന്റെ എഫ്.ഐ.ആറുകൾ, റിമാൻഡ് റിപ്പോർട്ടുകൾ, അറസ്റ്റിലായവരുടെയും മറ്റുള്ളവരുടെയും മൊഴികൾ, പിടിച്ചെടുത്ത രേഖകൾ തുടങ്ങിയവയുടെ പകർപ്പ് ആവശ്യപ്പെട്ടാണ് ഇ.ഡിയുടെ അപേക്ഷ. ഇ.ഡിക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ.സന്തോഷും പ്രത്യേക അന്വേഷണ സംഘത്തിന് വേണ്ടി കൊല്ലം വിജിലൻസ് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജനും ഹാജരായി. എസ്. ശ്രീകുമാർ
റിമാൻഡിൽ ദ്വാരകപാല ശില്പങ്ങളിലെ സ്വർണപ്പാളി അപഹരിച്ച കേസിൽ അറസ്റ്റിലായ ശബരിമല മുൻ അഡ്മിനിസ്ട്രേഷൻ ഓഫീസർ എസ്.ശ്രീകുമാറിനെ കൊല്ലം വിജിലൻസ് കോടതി 31 വരെ റിമാൻഡ് ചെയ്തു. ശ്രീകുമാറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും.
ദ്വാരകപാലക ശില്പത്തിലെ സ്വർണം കടത്തിയ കേസിലെ റിമാൻഡ് കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എം.എൽ.എയുമായിരുന്ന എ.പത്മകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഈ കേസിൽ പത്മകുമാറിന്റെ ജാമ്യഹർജിയും ഇന്ന് പരിഗണിക്കും. കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിലും ദ്വാരപാലക ശില്പങ്ങളിലെ സ്വർണം അപഹരിച്ച കേസിലും മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷകളും കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.
തെളിവ് നൽകണമെന്ന് കടകംപള്ളി കോടതിയിൽ നൽകുമെന്ന് സതീശൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവ് നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്നും വി.ഡി സതീശൻ.
ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കടകംപള്ളിയുടെ വെല്ലുവിളി. സ്വർണപ്പാളി പുറത്തുകൊണ്ടു വന്ന് വിറ്റെന്നും അതിന് ഒത്താശ ചെയ്തത് കടകംപള്ളി സുരേന്ദ്രനാണെന്നും സതീശൻ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സബ് കോടതിയിൽ കടകംപള്ളി ഹർജി നൽകിയിരുന്നു.
കടകംപള്ളിക്കെതിരെ പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്ന് സതീശൻ പറഞ്ഞു. ദ്വാരപാലക ശില്പം ആർക്കാണ് കൊടുത്തതെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടത്. സി.പി.എം നിയമിച്ചവർ ചെയ്യുന്നത് മന്ത്രിക്ക് അറിയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല. രണ്ടു കോടിയുടെ മാനനഷ്ടക്കേസ് നോട്ടീസ് അയച്ചിട്ട് കേസ് കൊടുത്തപ്പോൾ പത്തു ലക്ഷമായെന്നും സതീശൻ പറഞ്ഞു.