വടിവാൾ ആക്രമണം:  അഞ്ചു പേർ അറസ്റ്റിൽ

Thursday 18 December 2025 1:13 AM IST

കണ്ണൂർ: പാനൂർ പാറാട് യു.ഡി.എഫിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ വടിവാൾ ആക്രമണം നടത്തിയ

കേസിൽ അഞ്ചു സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. പ്രതികളായ ശരത്, ശ്രീജിൽ, അശ്വന്ത്, ശ്രേയസ്, അതുൽ എന്നിവരെ മൈസൂരുവിൽ നിന്ന് കൂത്തുപറമ്പ് എ.സി.പി എം.പി. ആസാദ്, കൊളവല്ലൂർ ഇൻസ്പെക്ടർ സി.ഷാജു എന്നിവരടങ്ങിയ പൊലീസ് സംഘം പിടികൂടി. കേസിൽ ഏഴുപേർ നേരത്തെ അറസ്റ്റിലായിരുന്നു.

പാറാട്ട് സി.പി.എം സ്തൂപം തകർത്ത കേസിൽ രണ്ട് മുസ്ലിം ലീഗ് പ്രവർത്തകരും അറസ്റ്റിലായിരുന്നു. കുന്നോത്ത്പറമ്പ് പഞ്ചായത്ത് ഭരണം പിടിച്ചതിനു പിന്നാലെ യു.ഡി.എഫ് നടത്തിയ ആഹ്ലാദ പ്രകടനങ്ങൾക്കിടെയാണ് ആക്രമണമുണ്ടായത്. സി.പി.എം - ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധിപേർക്ക് പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് സി.പി.എം പ്രവർത്തകർ മുഖം മൂടി ധരിച്ച് വടിവാളുമായി വീടുകൾ ആക്രമിച്ചത് സംഭവത്തിൽ അമ്പതോളം സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.