14കാരന് പീഡനം: പ്രതിക്ക് 41 വർഷം കഠിനതടവ്

Thursday 18 December 2025 1:16 AM IST

നാദാപുരം: പതിനാല് വയസുള്ള ആൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിൽ പ്രതിക്ക് 41 വർഷം കഠിനതടവും 52,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വളയം ചെറുമോത്ത് സ്വദേശി പഞ്ചാര മൂസ എന്ന ഗണപതിയാട്ട് മൂസയെയാണ് (64) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജി കെ. നൗഷാദ് അലി ശിക്ഷിച്ചത്.

2021 ആഗസ്റ്റ് 31നായിരുന്നു സംഭവം. കുട്ടിയെ ടൗണിലുള്ള കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയും 50 രൂപ പാരിതോഷികമെന്ന പേരിൽ നൽകുകയും ചെയ്തു എന്നായിരുന്നു കേസ്. കുട്ടിയും പിതാവും വളയം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.