 കേസിൽ നിന്ന് രക്ഷിക്കാൻ 25 ലക്ഷം:..... പ്രതികളുടെ വീട്ടുകാരെ പറ്റിച്ച രണ്ടുപേർ പിടിയിൽ

Thursday 18 December 2025 1:25 AM IST

പൊന്നാനി: വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണക്കേസിലെ പ്രതികളെ രക്ഷിക്കാമെന്ന് പറഞ്ഞ് വീട്ടുകാരിൽ നിന്ന് 25 ലക്ഷം രൂപ തട്ടിച്ച രണ്ടു പേർ അറസ്റ്റിൽ. തൃപ്രങ്ങോട് മാരാംകുളമ്പിൽ നവാസ് (38), കാരത്തൂർ ചിറക്കപ്പറമ്പിൽ കമറുദ്ദീൻ (45) എന്നിവരാണ് പിടിയിലായത്. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണക്കേസിൽ അറസ്റ്റിലായ ഇർഷാദ്, രാഹുൽ എന്നിവരുടെ വീട്ടുകാരെയാണ് പറ്റിച്ചത്.

മറ്റ് പ്രതികളെ പിടികൂടുന്നതിനായി ഇർഷാദിനെയും രാഹുലിനെയും അറസ്റ്ര് വിവരം പൊലീസ് പുറത്തുവിട്ടിരുന്നില്ല. ഇതിനിടയിലാണ് ജാമ്യം തരപ്പെടുത്താമെന്നും കേസ് ഒതുക്കാമെന്നും പറഞ്ഞ് നവാസും കമറുദ്ദീനും പ്രതികളുടെ വീട്ടുകാരെ ബന്ധപ്പെട്ടത്. പൊലീസിലെ ബന്ധം ഉപയോഗിച്ച് പ്രതികളെ രക്ഷിക്കാമെന്നും വാഗ്‌ദാനം ചെയ്തു. എന്നാൽ ഇർഷാദിനെയും രാഹുലിന്റെയും വീട്ടുകാർ ആദ്യം വഴങ്ങിയില്ല. പ്രതികൾക്ക് ജാമ്യം നിഷേധിക്കപ്പെട്ടപ്പോൾ ഇവർ വീണ്ടും ബന്ധപ്പെട്ടു.

 പണം നൽകിയത് സ്വർണം പണയം വച്ച്

സ്വർണവും മറ്റും പണയം വച്ച് 20 ലക്ഷം രൂപ അക്കൗണ്ട് വഴി കൈമാറി. അഞ്ച് ലക്ഷം പണമായും നൽകി. വിശ്വസിപ്പിക്കാൻ ഡിവൈ.എസ്.പിയുടേതെന്ന പേരിൽ ഓഡിയോയും നവാസും കമറുദ്ദീനും അയച്ചുകൊടുത്തു. പിന്നാലെ പ്രതികൾക്ക് ജാമ്യവും ലഭിച്ചു. ദിവസങ്ങൾക്ക് ശേഷം സംഘാംഗങ്ങൾ മുഴുവൻ പിടിയിലായപ്പോൾ ഇർഷാദിന്റെയും രാഹുലിന്റെയും വിവരവും മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു. പ്രതികളെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങുകയും ചെയ്‌തു. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായ വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഡിവൈ.എസ്.പിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശം സോഡാ ബാബു എന്ന സാജിദിന്റേതാണെന്നും പൊലീസ് കണ്ടെത്തി. എറണാകുളം പനങ്ങാട് സ്റ്റേഷൻ പരിധിയിലെ വാഹനമോഷണക്കേസിൽ അറസ്റ്റിലായ ഇയാൾ ജയിലിലാണ്.