കടലിൽ മീൻപിടിക്കുന്നവർക്ക് കേന്ദ്ര സുരക്ഷാ ആപ് റെഡി
തിരുവനന്തപുരം: മത്സ്യബന്ധനത്തിനു പോകുന്നവർക്ക് കാലാവസ്ഥവ്യതിയാനവും സമുദ്രാതിർത്തിയും ഉൾപ്പെടുള്ള വിവരങ്ങൾ കൃത്യമായി നൽകാനുള്ള ട്രാൻസ്‌പോണ്ടറുകൾ അടുത്ത കാലവർഷത്തിനു മുൻപ് മത്സ്യബന്ധന ബോട്ടുകളിൽ സ്ഥാപിക്കും. ആഴക്കടലിലേക്ക് പോകുന്ന വഞ്ചികളിലും ബോട്ടുകളിലും ഉൾപ്പെടെ 20,000 എണ്ണമാണ് സ്ഥാപിക്കുക. ആദ്യ ഘട്ടത്തിൽ നൽകിയ 12,991ൽ 2,302 എണ്ണം സ്ഥാപിച്ചുകഴിഞ്ഞു. മത്സ്യത്തൊഴിലാളികളുടെ യാത്രാസുരക്ഷയും വിവരവിനിമയവും മെച്ചപ്പെടുത്തുക എന്നതാണ് കേന്ദ്ര പദ്ധതിയുടെ പ്രഥമലക്ഷ്യം.
ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് നടപടികൾ. ആറു മാസം മുമ്പാണ് പദ്ധതിക്ക് തുടക്കമായത്. 1523 യന്ത്രവത്കൃത ബോട്ടുകളിലും 779 വള്ളങ്ങളിലും ട്രാൻസ്‌പോണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയെക്കുറിച്ച് പരിജ്ഞാനം കുറഞ്ഞവർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് ഉപകരണങ്ങളുടെ രൂപകല്പന. അപായസൂചനകൾ ട്രാൻസ്പോണ്ടറുകൾ വഴി ചിത്രങ്ങളിലൂടെ ലഭിക്കും. പ്രദേശിക ഭാഷയിലുൾപ്പെടെ വിവരങ്ങൾ ലഭ്യമാകും.
ട്രാൻസ്‌പോണ്ടർ സാദ്ധ്യത?
ഏതൊരു കാലാവസ്ഥയിലും എത്ര ദൂരത്തായാലും കരയുമായി ബന്ധപ്പെടാനാകും. മത്സ്യ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ലഭിക്കാനും ട്രാൻസ്‌പോണ്ടറുകൾ സഹായിക്കും. മത്സ്യത്തൊഴിലാളികൾക്ക് അവരുടെ കുടുംബങ്ങളുമായി ആശയവിനിമയം നടത്താനും അടിയന്തര വൈദ്യസഹായം തേടാനും അന്താരാഷ്ട്ര സമുദ്രാതിർത്തികൾ കടക്കുമ്പോൾ അലേർട്ടുകൾ സ്വീകരിക്കാനുമാകും. ആൻഡ്രോയ്ഡ് മൊബൈൽഫോണുമായാണ് ഇത് ബന്ധിപ്പിച്ചിരിക്കുന്നത്.
ആപ്പിലൂടെയും വിവരങ്ങൾ
ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത ട്രാൻസ്‌പോണ്ടറുകൾ നഭ്മിത്ര ആപ്ലിക്കേഷനിലൂടെയും വിവരങ്ങൾ ഏകോപിപ്പിക്കും. ബോട്ട് നമ്പർ, ട്രാൻസ്പോണ്ടർ ഐഡി, തത്സമയ ലൊക്കേഷൻ, ദിശ, വേഗത തുടങ്ങിയ പ്രധാന വിവരങ്ങൾ നഭ്മിത്ര ആപ്ലിക്കേഷൻ നൽകുന്നു. ചുഴലിക്കാറ്റിന്റെ പേര്, വിഭാഗം, കൃത്യമായ സ്ഥാന വിവരങ്ങൾ, കാറ്റിന്റെ വേഗത, കടലിലെ അവസ്ഥ എന്നിവയും ആപ്ലിക്കേഷനിൽ ലഭ്യമാണ്.
''ട്രാൻസ്‌പോണ്ടറുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
സുരേഷ് കുമാർ, ജോയിന്റ് ഡയറക്ടർ, ഫിഷറീസ് വകുപ്പ്