അനധികൃത ബോർഡ് നീക്കൽ:..... തദ്ദേശ സെക്രട്ടറിമാരെ പൊലീസ് സഹായിക്കണം
കൊച്ചി: പൊതു ഇടങ്ങളിലെ അനധികൃത ബോർഡും കൊടിതോരണവും നീക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ആവശ്യപ്പെട്ടാൽ പൊലീസടക്കം എല്ലാ അധികൃതരും സഹകരിക്കണമെന്ന് ഹൈക്കോടതി. ആവശ്യം നിഷേധിച്ചാൽ ശക്തമായ നടപടി ഉണ്ടാകും. വേണ്ടത്ര സഹായം ലഭിക്കുന്നില്ലെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ വെൽഫെയർ അസോസിയേഷൻ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും സ്ഥാപിക്കുന്ന ബോർഡുകളും കൊടികളും നീക്കാൻ കെ.എസ്.ഇ.ബി അടക്കം സഹായിക്കുന്നില്ലെന്നാണ് സംഘടന അറിയിച്ചത്. തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഭീഷണി നേരിടുന്നതായും വിശദീകരിച്ചു. അനധികൃത ബോർഡുകളും കൊടികളും വയ്‌ക്കരുതെന്ന ഉത്തരവ് മത-സാംസ്‌കാരിക സ്ഥാപനങ്ങൾക്കും സിനിമ മേഖലയ്‌ക്കും ബാധകമാണെന്നും കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തിൽ കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. എടുത്ത നടപടിയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും സമയം തേടി.