രാഹുലിന് നിർണായകം; ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

Thursday 18 December 2025 6:47 AM IST

കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മൂൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹർജിയിൽ വിശദമായ വാദം കേൾക്കുന്നത്. ഹർജി തീർപ്പാകുന്നതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കോടതി ഇന്നുവരെ നീട്ടിയിരുന്നു.

പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് രാഹുലിന്റെ വാദം. എന്നാൽ, ലൈംഗികാതിക്രമത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും രാഹുൽ മുതിർന്നുവെന്നും ഇതിന് മതിയായ തെളിവുകൾ ഉണ്ടെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. കേസ് ഡയറിയും അന്വേഷണ പുരോഗതിയും സംബന്ധിച്ച റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.

അതേസമയം, രാഹുലിനെതിരായ മറ്റൊരു ബലാത്സംഗക്കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇന്നത്തെ വാദത്തിനുശേഷം ഹൈക്കോടതി മുൻകൂർജാമ്യം തള്ളുകയാണെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലേക്ക് പൊലീസ് കടക്കും. കേസിനെ തുടർന്ന് കോൺഗ്രസ് പാർട്ടി രാഹുലിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.

ബംഗളൂരുവിലെ മലയാളി യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. മറുപടി സമർപ്പിക്കാൻ രാഹുലിന് സമയം അനുവദിച്ചായിരുന്നു ജസ്റ്റിസ് വിജു എബ്രഹാമിന്റെ നടപടി. രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്. കെപിസിസി പ്രസിഡന്റിന് ലഭിച്ച പരാതിയിലാണ് രണ്ടാമത്തെ കേസ്.