പോറ്റിയെ കേറ്റിയേ ഗാനത്തിനെതിരെയുള്ള കേസ്; കടുത്ത നടപടികൾ ഉണ്ടാകില്ല, പ്രതിചേർത്തവരെ വിളിച്ചുവരുത്തും
തിരുവനന്തപുരം: പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിനെതിരെ പൊലീസ് കേസെടുത്തെങ്കിലും കടുത്ത നടപടികൾ ഉടനുണ്ടാകില്ലെന്ന് സൂചന. പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും. പാട്ട് പ്രചരിപ്പിക്കുന്ന സൈറ്റുകളിൽ നിന്നും നീക്കം ചെയ്യും. കേസ് എടുത്തതിൽ പൊലീസിനുള്ളിൽ രണ്ട് അഭിപ്രായമാണ് ഉള്ളത്. ഇന്ന് ചേരുന്ന സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചയാകുമെന്നാണ് വിവരം.
പാട്ടെഴുതിയ ഖത്തറിൽ ജോലി ചെയ്യുന്ന നാദാപുരം ചാലപ്പുറം സ്വദേശി ജി പി കുഞ്ഞബ്ദുള്ള, സംഗീതം നൽകിയ കോഴിക്കോട് സ്വദേശി ഹനീഫ, പാടിയ ഡാനിഷ് കൂട്ടിലങ്ങാടി തുടങ്ങിയവരെ പ്രതിയാക്കി തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയതെന്നും ചൂണ്ടിക്കാട്ടി തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രശാന്ത് കുഴിക്കാല നൽകിയ പരാതി സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന് കൈമാറിയിരുന്നു. പ്രാഥമിക പരിശോധനയിൽ കേസെടുക്കാമെന്നാണ് കണ്ടെത്തിയതോടെ പരാതി സൈബർ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഗാനം തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാൽ പാരഡി ഗാനത്തിനെതിരെ പരാതി നൽകിയത് സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് തിരുവാഭരണപാത സംരക്ഷണസമിതി ചെയർമാനും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായ കെ. ഹരിദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രസാദ് കുഴിക്കാല എന്ന വ്യക്തിയാണ് ഡിജിപിക്ക് പരാതി നൽകിയത്. ഇയാൾ ആദ്യകാലത്ത് തിരുവാഭരണപാത സംരക്ഷണ സമിതി പ്രവർത്തകനായിരുന്നു. പിന്നീട് പുറത്തായതോടെ ഇതേപേരിൽ പുതിയ സംഘടന രൂപീകരിച്ചു. തിരുവാഭരണ പാത സംരക്ഷണ സമിതിക്ക് പരാതിയുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാരഡിപ്പാട്ട് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായി സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്നതാണ് പാട്ട്. കോൺഗ്രസും ബിജെപിയും പാട്ടിനെ വർഗീയ ധ്രുവീകരണത്തിന് ഉപയോഗിച്ച് വോട്ടുപിടിക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു.