'സിപിഎമ്മിന്റേത് തൻപിള്ള പൊൻപിള്ള നയം, പിണറായി സർക്കാർ വെറും കെയർടേക്കർ സർക്കാർ മാത്രമായി മാറി'
കോട്ടയം: സംസ്ഥാന സർക്കാരിനെ വിമർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. നയപരമായ തീരുമാനങ്ങളെടുക്കാനുള്ള അധികാരം പരിമിതമായിട്ടും പുതിയ പ്രഖ്യാപനങ്ങൾ നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘തൻപിള്ള പൊൻപിള്ള’യെന്ന നയമാണ് സിപിഎം ശബരിമലക്കൊള്ളയിൽ സ്വീകരിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മീറ്റ് ദി പ്രസ് പരിപാടിയിൽ വിമർശിച്ചു.
'ജനസമ്മതി നഷ്ടപ്പെട്ട പിണറായി സർക്കാർ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുവരെ സംസ്ഥാനത്ത് ഭരണസ്തംഭനം ഒഴിവാക്കാനുള്ള വെറും കെയർടേക്കർ സർക്കാർ മാത്രമായി മാറി. നയപരമായ തീരുമാനങ്ങളെടുക്കാനുള്ള അധികാരം പരിമിതമായിട്ടും പുതിയ പ്രഖ്യാപനങ്ങൾ നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയിൽ ഉൾപ്പെട്ട രണ്ട് ദേവസ്വംബോർഡ് പ്രസിഡന്റുമാർ ഇപ്പോഴും പാർട്ടി അംഗങ്ങളായി കമ്മിറ്റിയിൽ തുടരുകയാണ്. കൊള്ളയെ ന്യായീകരിച്ച് ഇവരുടെ അംഗത്വം നിലനിർത്തിയിരിക്കുകയാണ്. ആരെതിർത്താലും ഇവരെ സംരക്ഷിക്കുമെന്ന് സന്ദേശമാണ് പാർട്ടി പുറത്തുവിടുന്നത്.
കൊള്ളയ്ക്ക് ഉത്തരവാദിത്വം പറയേണ്ടത് സർക്കാരാണ്. എന്നാൽ ദേവസ്വം മന്ത്രിയും ബോർഡും മറ്റ് സർക്കാർ സംവിധാനങ്ങളും ഉണ്ണികൃഷ്ണൻ പോറ്റിക്കുമുന്നിൽ മുട്ടുമടക്കിനിൽക്കുന്നതാണ് സംസ്ഥാനം കണ്ടത്.സ്വർണക്കൊള്ളയിൽ പ്രതിയായ സിപിഎം ജില്ലാകമ്മിറ്റി അംഗത്തെയാണ് ജയിലിലേയ്ക്ക് തള്ളിവിടുന്നതും ജയിലിൽ നിന്ന് പിടിച്ചുകൊണ്ടുവരുന്നതും. ഇതെല്ലാം കേരളം കാണുന്നുണ്ടെങ്കിലും പാർട്ടിയിൽ നിന്ന് മാത്രം നടപടിയെടുക്കാത്തതെന്താണ് ?
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറയുന്നത് കേസിൽ ചാർജ് കൊടുക്കാത്തിടത്തോളം നടപടിയില്ലെന്നാണ്. ‘തൻപിള്ള പൊൻപിള്ള’യെന്ന നയമാണ് സിപിഎം ശബരിമലക്കൊള്ളയിൽ സ്വീകരിക്കുന്നത്. പാർട്ടിക്കാർക്കുവേണ്ടി വേറെ നിയമവും അവരെ സംരക്ഷിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. ശബരിമല കൊള്ളയിലെ പാരഡിഗാനം കിട്ടിയാൽ ആസ്വദിക്കും. അയ്യപ്പഭഗവാന്റെ സ്വർണം മോഷ്ടിച്ചതിനെക്കുറിച്ച് ഒരു കലാകാരൻ കലാബോധത്തോടെ ഗാനമെഴുതിയാൽ എന്തിനെതിർക്കണം.
തിരുവനന്തപുരത്ത് ബിജെപിയുടെ വിജയത്തിൽ അസ്വാഭാവികതയൊന്നുമില്ല. 2020ലെ തിരഞ്ഞെടുപ്പിൽനിന്ന് ഇക്കുറി 645 സീറ്റുകൾ യുഡിഎഫിന് കൂടുതൽ കിട്ടി. യുഡിഎഫിന്റെ വോട്ട് നിലയിൽ 57 ശതമാനം വളർച്ചയാണുണ്ടായത്. സിപിഎം 23 ശതമാനം താഴേയ്ക്കുപോയി. തിരഞ്ഞെടുപ്പ് പരാജയത്തിൽ എം എം മണിയുടെ പ്രതികരണം അച്ചടിക്കാൻ പറ്റുന്നതല്ല. പാർട്ടിക്കുപോലും തള്ളിപ്പറയേണ്ടിവന്നു'- അദ്ദേഹം കൂട്ടിച്ചേർത്തു.