ശബരിമല സ്വർണക്കൊള്ളക്കേസ്; പ്രവാസി വ്യവസായിയുടെ മൊഴിയെടുത്ത് എസ്ഐടി, ചിലരുടെ നമ്പറുകൾ കെെമാറി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രവാസി വ്യവസായിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രേഖപ്പെടുത്തി. ഇന്നലെ വെെകുന്നേരമാണ് പന്തളം സ്വദേശിയായ പ്രവാസി വ്യവസായിയിൽ നിന്ന് വിശദമായ മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം ഫോൺ വഴി വിശദാംശങ്ങൾ എസ്ഐടി ചോദിച്ചിരുന്നു. പിന്നാലെ വിവരങ്ങൾ പ്രവാസി അന്വേഷണസംഘത്തിന് കെെമാറി. ചിലരുടെ നമ്പറും കെെമാറിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്ഐടി.
ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമുണ്ടെന്ന് തനിക്ക് വിവരം ലഭിച്ചെന്ന് അടുത്തിടെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയിരുന്നു. രമേശ് ചെന്നിത്തലയുടെ പരാതിയിൽ ആരോപണ വിധേയനായ ദുബായ് വ്യവസായിൽ നിന്ന് എസ്ഐടി നേരത്തെ മൊഴിയെടുത്തിരുന്നു. കൊള്ളയിൽ ഉൾപ്പെട്ട ഒരാളുമായി ബന്ധപ്പെട്ട് തനിക്ക് ഉണ്ടായ വ്യക്തിഗത അനുഭവങ്ങൾ വ്യവസായി അറിയിച്ചു. എന്നാൽ രേഖങ്ങൾ ഒന്നും ഇയാൾ ഹാജരാക്കിയിരുന്നില്ല.
സ്വർണക്കൊള്ളയിൽ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും 500 കോടിയുടെ ഇടപാട് നടന്നെന്നും കാണിച്ച് ഡിസംബർ ആറിനാണ് രമേശ് ചെന്നിത്തല എസ്‌ഐടിക്ക് കത്തയച്ചത്. പിന്നാലെ എസ്ഐടിക്ക് മുന്നിൽ ഹാജരായി മൊഴി നൽകി. സംസ്ഥാനത്തെ ചില വ്യവസായികൾക്കും ശബരിമല സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്നുമാണ് ചെന്നിത്തല കത്തിൽ ആരോപിച്ചിരുന്നത്.
'പുരാവസ്തു സാധനങ്ങൾ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിൽക്കുന്ന സംഘങ്ങളെക്കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തിയെ അറിയാം. ഇയാൾ പൊതുജനത്തിനുമുന്നിൽ വന്ന് കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറല്ല. എന്നാൽ അന്വേഷണ സംഘത്തോടും കോടതിയിലും വന്ന് മൊഴി നൽകാൻ തയ്യാറാണ്. ഞാൻ സ്വതന്ത്രമായി പരിശോധിച്ചാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. സംസ്ഥാനത്തെ ചില വ്യവസായികൾക്കും റാക്കറ്റുകൾക്കും സ്വർണക്കൊള്ളയുമായി ബന്ധമുണ്ട്. ദേവസ്വം ബോർഡിലെ ചില ഉന്നതർക്ക് ഈ റാക്കറ്റുമായുള്ള ബന്ധം അന്വേഷിക്കണം. പുരാവസ്തുസംഘങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ വരണം'- എന്നാണ് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടിരുന്നത്.