എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി, നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്

Thursday 18 December 2025 10:28 AM IST

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി. ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പോകുകയായിരുന്ന ഐഎക്സ് 398 വിമാനമാണ് സാങ്കേതിക തകരാറ് കാരണം അടിയന്തരമായി നിലത്തിറക്കിയത്. വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിന് തകരാറ് സംഭവിക്കുകയും രണ്ട് ടയറുകൾ പൊട്ടുകയുമായിരുന്നു. വിവരം മനസിലാക്കിയ പൈലറ്റ് അടിയന്തര ലാൻഡിംഗ് ആവശ്യപ്പെട്ടതോടെയാണ് നെടുമ്പാശേരിയിലേക്ക് വഴിമാറ്റി വിട്ടത്.

ഇതോടെ സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും വിമാനത്താവളത്തിൽ നിലയുറപ്പിക്കുകയായിരുന്നു. 160 യാത്രക്കാരുമായി പുറപ്പെട്ട വിമാനം ഇന്ന് രാവിലെ കരിപ്പൂരിൽ എത്തേണ്ടതായിരുന്നു. ഇവരെ വിമാനമാർഗമോ റോഡ് മാർഗമോ കരിപ്പൂരിലേക്ക് എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. വിമാനം ഇന്ന് രാവിലെ 9.07ന് സുരക്ഷിതമായി ലാൻഡ് ചെയ്തതായി സിയാൽ (കൊച്ചി വിമാനത്താവള അതോറിറ്റി) അറിയിച്ചു.