പോറ്റിയേ കേറ്റിയേ ഗാനത്തിന്റെ അണിയറ പ്രവർത്തകരെ അറസ്റ്റ് ചെയ്‌തേക്കും; വിദേശത്തുള്ള പ്രതിയുടെ കമ്പനിക്ക് കത്തയക്കും
തിരുവനന്തപുരം: 'പോറ്റിയേ.. കേറ്റിയേ...' എന്ന തിരഞ്ഞെടുപ്പ് പാരഡി ഗാനത്തിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പ്രതികളെ അറസ്റ്റ് ചെയ്‌തേക്കും. തിരുവനന്തപുരം സൈബർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ ഗാനരചയിതാവ് ജിപി കുഞ്ഞബ്‌ദുള്ള, ഗായകൻ ഡാനിഷ്, പാട്ട് ചിത്രീകരിച്ച സിഎംഎസ് മീഡിയ, നിർമാതാവ് സുബൈർ പന്തല്ലൂർ എന്നിവരാണ് പ്രതികൾ. ഇവരെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. വിദേശത്തുള്ള ഗാനരചയിതാവ് ജോലി ചെയ്യുന്ന കമ്പനിക്ക് ഇതുസംബന്ധിച്ച് പൊലീസ് നോട്ടീസ് നൽകിയേക്കുമെന്നും സൂചനയുണ്ട്.
അതിനിടെ, കേസിലെ പരാതിക്കാരനായ പ്രസാദ് കുഴിക്കാലയുടെ വിശദമായ മൊഴിയെടുക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. റാന്നി സ്വദേശിയായ പ്രസാദ് കുഴിക്കാലയെ കഴിഞ്ഞ ദിവസം സൈബർ പൊലീസ് ബന്ധപ്പെട്ടിരുന്നു. മൊഴി നൽകാൻ എത്രയും വേഗം ഹാജരാകാൻ കഴിയുമോയെന്ന് തിരക്കി. എന്നാൽ, മുൻ നിശ്ചയപ്രകാരമുള്ള യാത്രകളുണ്ടെന്നും പറ്റിയാൽ ശനിയാഴ്‌ച നേരിട്ടെത്തി മൊഴി നൽകാമെന്നുമാണ് ഇദ്ദേഹം അറിയിച്ചത്.
തന്റെ പരാതിക്ക് പിന്നിൽ രാഷ്‌ട്രീയമില്ലെന്നാണ് പ്രസാദ് കുഴിക്കാല കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. ശബരിമല ഭക്തനെന്ന നിലയിലാണ് ഡിജിപിക്ക് പരാതി നൽകിയതെന്നും അദ്ദേഹം വ്യക്തിമാക്കി. അയ്യപ്പന്റെ പേര് ഉപയോഗിച്ച് മതവികാരത്തെ അപമാനിച്ചും മതവിശ്വാസികളിൽ വിദ്വേഷം വളർത്തുന്ന രീതിയിലും പാട്ടുണ്ടാക്കി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചെന്നും മതസൗഹാർദം ഇല്ലാതാക്കുന്ന വിധത്തിൽ സമൂഹത്തിൽ സമാധാനപ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചെന്നും പൊലീസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ ആരോപിക്കുന്നു. റാന്നി തിരുവാഭരണപ്പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി എന്ന നിലയിലാണ് പ്രസാദ് കുഴിക്കാല പരാതി നൽകിയത്. എന്നാൽ, ഇത്തരമൊരു പരാതി സമിതിക്കില്ലെന്ന വാദവുമായി അതേ പേരിലുള്ള മറ്റൊരു സംഘടനയും രംഗത്തെത്തിയിട്ടുണ്ട്.