ഒറ്റരാത്രി കൊണ്ട് കടലിന്റെ ഒരു ഭാഗം ചുവന്നു, ദൃശ്യങ്ങൾ പുറത്ത്; വരാൻ പോകുന്നത് ദുരന്തമോ?

Thursday 18 December 2025 11:39 AM IST

ടെഹ്റാൻ: ഒറ്റ രാത്രി കൊണ്ട് കടൽ ചോര നിറമായാലോ? അത്തരമൊരു സംഭവമാണ് ഇറാനിലെ ഹോർമുസ് ദ്വീപിന്റെ തീരപ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പ്രകൃതിയുടെ ഈ പ്രതിഭാസം ആഗോളതലത്തിൽ ചർച്ചാവിഷയമായിരിക്കുകയാണ്. കനത്ത മഴയ്ക്ക് പിന്നാലെ ഈ ദ്വീപിലെ കടൽത്തീരങ്ങളും വെള്ളവും കടും ചുവപ്പ് നിറമായി മാറുകയായിരുന്നുവെന്നാണ് വിവരം.

ചുവന്ന കടലിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ കാഴ്ച ആഗോളതലത്തിൽ അത്ഭുതവും, കൗതുകവും മാത്രമല്ല ആശങ്കയുമുണർത്തുന്നുണ്ട്. ഇത് വലിയൊരു ദുരന്തത്തിന്റെ സൂചനയാണോയെന്നാണ് പലരും ചോദിക്കുന്നത്. ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്.

ഹോർമുസിൽ ഇരുമ്പ് ഓക്‌സൈഡ്, പ്രത്യേകിച്ച് ഹെമറ്റൈറ്റിന്റെ അമിതമായ സാന്നിദ്ധ്യമാണത്രേ ഈ പ്രതിഭാസത്തിന് പിന്നിൽ. മഴ പെയ്യുമ്പോൾ അയൺ ഓക്‌സൈഡ് സമ്പുഷ്ടമായ കുന്നുകളിൽ നിന്നും മണ്ണിൽ നിന്നും ധാതുക്കൾ ലയിക്കുന്നു. ഇതിന്റെ ഫലമായി മണ്ണും വെള്ളവും കടുംചുവപ്പ് നിറമാകുന്നു.

ഈ പ്രതിഭാസം നിരുപദ്രവകരവുമാണ്. ഇത്‌ മലിനീകരണത്തെയോ പാരിസ്ഥിതിക ഭീഷണിയെയോ സൂചിപ്പിക്കുന്നില്ല, മറിച്ച് ദ്വീപിലെ അപൂർവ ധാതുശാസ്ത്രത്തിന്റെ ഒരു ഉൽപ്പന്നമാണെന്ന് പരിസ്ഥിതി വിദഗ്ധർ ഊന്നിപ്പറയുന്നു.