'ആര്യാ രാജേന്ദ്രന്റെ പൊങ്ങച്ചം ദോഷം ചെയ്തു, അഹങ്കാരം ചർച്ചാവിഷയമായി'; വളയാതെ  ഞെളിയരുതെന്ന് വെള്ളാപ്പള്ളി

Thursday 18 December 2025 11:48 AM IST

ആലപ്പുഴ: താൻ വർഗീയ വാദിയാണെന്ന് മുസ്‌ലീം ലീഗ് പ്രചരിപ്പിക്കുന്നുവെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഞങ്ങൾ ഗുരുവിന്റെ പാതയിലൂടെ സഞ്ചരിക്കുന്നവരാണ്. ജാതിചിന്ത ഇതുവരെ തന്റെയുള്ളിൽ കയറിയിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ വെള്ളാപ്പള്ളി പറഞ്ഞു.

'ജാതിവിവേചനം ഉണ്ടാകുമ്പോൾ അത് ചൂണ്ടിക്കാട്ടാറുണ്ട്. ജാതിവ്യവസ്ഥ ഇവിടെ നിലനിൽക്കുമ്പോൾ ‌ഞങ്ങൾക്ക് അർഹതപ്പെട്ടത് കിട്ടണമെന്ന് പറഞ്ഞാൽ അത് ജാതിയല്ല. ഞങ്ങൾ ഒരു മതത്തിനും എതിരല്ല. ഒരു വിശ്വാസത്തെയും എതിർക്കുന്നില്ല. ആരെയും ഞങ്ങളുടെ വിശ്വാസം അടിച്ചേൽപ്പിക്കാനും ശ്രമിക്കാറില്ല. സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങുന്ന പ്രസ്ഥാനമാണ് എസ്‌എൻഡിപി. എന്നെ ലീഗുകാർ വേട്ടയാടുകയാണ്. എസ്‌എൻ‌ഡിപിയുടെ കണക്ക് ഓഡിറ്റ് ചെയ്യുന്നതും ഞങ്ങളുടെ കേസുകൾ നടത്തുന്നതും മുസ്‌ലീമാണ്. സിൻഡിക്കേറ്റിലെ മുസ്‌ലീം മെമ്പർക്ക് മുഴുവൻ വോട്ടും കൊടുത്ത് ജയിപ്പിച്ചത് ഞങ്ങളാണ്.

എന്നെ വിരോധിയാക്കുന്നതിന് കാരണമുണ്ട്. പിന്നാക്ക സമുദായ മുന്നണിയെന്നും സംവരണ സമുദായ മുന്നണിയെന്നും പറഞ്ഞ് ഇടതുപക്ഷത്തെയിറക്കികൊണ്ട് ഭരണത്തിൽ വരാൻ പലയിടത്തും നമ്മൾ സമരം നടത്തി. അതിനെല്ലാം പണം മുടക്കിയതും മുന്നിൽ നിന്നതും കൂടുതലും ഞാനാണ്. എന്നാൽ സമരങ്ങൾക്ക് ലീഗിന്റെ മുൻനിരയിലുള്ളവരാരും വരില്ല. മൂന്നാംകിടയാളുകളെ മാത്രം ഞങ്ങൾക്കൊപ്പം വിട്ടുതരും.

അവർ ഭരണത്തിൽ വന്നതിനുശേഷം ഞാൻ അവരോടുചോദിച്ചു. സുഹൃത്തേ, ഞങ്ങൾക്കൊരു നീതിയും ലഭിച്ചില്ലല്ലോ എന്ന്. പുതിയ ഭരണം വരുമ്പോൾ ഞങ്ങളെ പരിഗണിക്കാം എന്നല്ലേ പറഞ്ഞത് എന്നും. അധികാരത്തിൽ കയറിയതിനുശേഷം മുസ്‌ലീംങ്ങൾക്കുള്ള കുറവുകൾ പരിഹരിക്കാൻ സർക്കാർ ഉത്തരവിറക്കി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് നടത്തിയപ്പോൾ ഈഴവ സമുദായം ഉൾപ്പെടെയുള്ള പിന്നാക്ക സമുദായത്തിനുവേണ്ടി ഒന്നും ചെയ്തില്ലല്ലോ എന്നുപറഞ്ഞപ്പോൾ ഒന്നിനും ഉത്തരമില്ല. അധികാരത്തിൽ ഇരുന്നുകൊണ്ട് അവർ എല്ലാം ഒപ്പിട്ടെടുത്തു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ജനാധിപത്യത്തെ തകർത്തവരാണിവർ. ജനാധിപത്യത്തെ ലീഗുകാർ കശാപ്പുചെയ്തു. മുസ്ളീം സമുദായത്തിലെ സമ്പന്നർക്കാണ് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നത്. മുസ്ളീം ലീഗിന് ധാർഷ്ട്യവും അഹങ്കാരവുമാണ്. ലീഗ് എന്നുപറഞ്ഞാൽ മലപ്പുറം പാർട്ടിയാണ്. മലപ്പുറത്തെ സമ്പന്നരെ സഹായിക്കുകയാണ് അവർ ചെയ്യുന്നത്.

ഭരണം പോയതിനുശേഷം ലീഗിലെ ഉന്നതനേതാക്കൾ എന്നെ സമീപിച്ച് തെറ്റുപറ്റിയെന്ന് പറഞ്ഞു. തെറ്റുതിരുത്താം, വെള്ളാപ്പള്ളി പറയുന്നത് എല്ലാം സാധിച്ചുതരാമെന്നും ഭരണത്തിൽ തിരികെ വരാൻ ഒന്നിച്ചുനിൽക്കാമെന്നും പറഞ്ഞു. സാധിക്കില്ല എന്നും നിങ്ങളെ വിശ്വസിക്കാൻ പറ്റില്ല എന്നുമാണ് ഞാൻ മറുപടി നൽകിയത്. അവർ പല പ്രലോഭനങ്ങൾ നടത്തിയിട്ടും ഞാൻ നിലപാടിൽ ഉറച്ചുനിന്നു. കൂട്ടത്തിൽ നിന്ന് ചതിച്ചവരാണവർ.

തിരുവനന്തപുരം ജില്ലയിൽ ബിജെപി വോട്ടുഷെയർ വർദ്ധിപ്പിച്ചുവെന്നത് നേരുതന്നെയാണ്. തിരുവനന്തപുരത്തെ മേയർ ആര്യ രാജേന്ദ്രനെ എല്ലാവരും കൂടെ പൊക്കി, അവർ അങ്ങ് പൊങ്ങുകയും ചെയ്തു. ഈ പൊങ്ങച്ചത്തിന്റെ ദോഷം ഉണ്ടായി. ആളുകളോടുള്ള പെരുമാറ്റം മോശമായിരുന്നു. അധികാരത്തിന്റെ ധാർഷ്ട്യമായിരുന്നു അവർക്ക്. അധികാരത്തിന്റെ വിനയം കാട്ടാതെ പ്രായത്തിന്റെയും ചെറുപ്പത്തിന്റെയും അഹങ്കാരവും ധാർഷ്ട്യവും കാട്ടിയതാണ് ചർച്ചാവിഷയമായത്. ഇതാണ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായത്. പൊതുപ്രവർത്തനത്തിൽ വളയാതെ ഞെളിയരുത്. എന്തെല്ലാം നല്ല നേട്ടങ്ങൾ ചെയ്തിട്ടും അത് താഴെത്തട്ടിലുകളിൽ അറിയിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചില്ല. പിന്നെ മസിലുപിടിത്തമുണ്ട്. ആളുകളോട് മാന്യമായിട്ടും സ്‌നേഹമായിട്ടും പെരുമാറേണ്ടതുണ്ട്'- വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.