ഹെൽമറ്റ് ധരിക്കാതെയെത്തിവർക്ക് പിഴയില്ല; പകരം പൂവും മറ്റൊരു സാധനം കൂടി നൽകി ട്രാഫിക് പൊലീസ്
സിലിഗുരി: ഗതാഗത നിയമം പാലിച്ചില്ലെങ്കിൽ കനത്ത പിഴ മോട്ടോർ വാഹന വകുപ്പ് ഈടാക്കാറുണ്ട്. എത്രയൊക്കെ പിഴ ഈടാക്കിയാലും ഹെൽമറ്റും സീറ്റ് ബെൽറ്റുമൊക്കെ ധരിക്കാതെ യാത്ര ചെയ്യുന്നവർ ഇപ്പോഴുമുണ്ട്. അങ്ങനെയുള്ളവർക്ക് വ്യത്യസ്തമായ രീതിയിൽ ബോധവത്കരണം നൽകിയിരിക്കുകയാണ് പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ ട്രാഫിക് പൊലീസ്.
ഹെൽമറ്റില്ലാതെയും മറ്റും ഗതാഗത നിയമം ലംഘിച്ചുകൊണ്ടെത്തിയ ഇരുചക്ര യാത്രക്കാരെ പൂവും മധുരപലഹാരങ്ങളും നൽകിയാണ് പൊലീസ് സ്വീകരിച്ചത്. നാണം കെടുത്തി ബോധവത്കരിക്കുകയെന്നായിരുന്നു പൊലീസിന്റെ ലക്ഷ്യം. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഹെൽമറ്റില്ലാതെ ഇരുചക്ര വാഹനം ഓടിക്കുന്ന ഒന്നിലധികം ആളുകളെ തടഞ്ഞുനിർത്തി അവർക്ക് പൂക്കളും മധുരപലഹാരങ്ങളും നൽകി. അടുത്ത തവണ ഹെൽമെറ്റ് ധരിക്കാൻ നിശബ്ദമായി ആവശ്യപ്പെടുകയായിരുന്നു അധികൃതർ.
ഹെൽമറ്റിടാതെ ആദ്യമെത്തിയത് ഒരു സ്ത്രീയായിരുന്നു. ഹെൽമറ്റ് ധരിച്ച് നിൽക്കുന്ന ഉദ്യോഗസ്ഥർ വണ്ടിക്ക് കൈ കാണിച്ചു. അതോടെ യുവതിക്ക് കാര്യം മനസിലായി.
ട്രാഫിക് പൊലീസ് ഓഫീസർമാരിൽ ഒരാൾ യുവതിക്ക് പുഷ്പം നൽകുകയും മറ്റൊരാൾ അവർക്ക് കഴിക്കാൻ മധുരപലഹാരങ്ങൾ നൽകുകയും ചെയ്തു. കാര്യം മനസിലായ യുവതി നാണത്തോടെ പൊട്ടിച്ചിരിക്കുകയായിരുന്നു. മറ്റൊരു ഉദ്യോഗസ്ഥനാണ് വീഡിയോ പകർത്തിയത്.