തൃശൂരിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്
തൃശൂർ: ചെറുതുരുത്തി പള്ളം പുതുപ്പാടത്ത് ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിൽ ഉണ്ടായിരുന്ന ഡ്രെെവർക്കും ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. കൂടാതെ ബസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാർക്കും നിസാര പരിക്കേറ്റിട്ടുണ്ട്.
അതേസമയം, താമരശ്ശേരി പെരുമ്പള്ളി കരുവൻകാവിൽ കഴിഞ്ഞ ദിവസം ബസും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നടുവണ്ണൂർ സ്വദേശി സത്യനാണ് (55) മരിച്ചത്. സത്യനൊപ്പം കാറിൽ സഞ്ചരിച്ച തിക്കോടി സ്വദേശി സുർജിത് (38), മന്ദങ്കാവ് സ്വദേശി സുരേഷ് ബാബു (53) എന്നിവർ സാരമായ പരിക്കുകളോടെ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ ദേവാലയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സിഡബ്ല്യുഎംഎസ് ബസും കാറുമായിരുന്നു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ബസും കാറും മതിലിൽ ഇടിച്ചാണ് നിന്നത്.