ടയർ പൊട്ടാൻ കാരണം ജിദ്ദയിലെ റൺവേയിൽ നിന്നുള്ള വസ്തു? വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കൊച്ചി: ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കിയ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 160 യാത്രക്കാരുമായി പറന്നുയർന്ന ഐഎക്സ് 398 വിമാനത്തിന്റെ ടയറുകൾ യാത്രാമദ്ധ്യേ പൊട്ടിത്തെറിച്ചെന്ന് പിന്നീട് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ലാൻഡിംഗ് ഗിയറിംഗിനും സാങ്കേതികപ്രശ്നം ഉണ്ടായതിനെ തുടർന്നാണ് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്.
ജിദ്ദ വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയറിൽ പറ്റിപ്പിടിച്ച വസ്തുവാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. ഈ വസ്തു എന്താണെന്നും മറ്റുമുള്ള വിവരങ്ങൾ പരിശോധിക്കുന്നതേയുള്ളൂവെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. ലാൻഡിംഗിനുശേഷമുള്ള പരിശോധനയിലാണ് ടയറുകൾ പൊട്ടിത്തെറിച്ചത് കണ്ടെത്തിയത്. ബാഗേജുകൾ വിട്ടുകൊടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും അതിനുശേഷം യാത്രക്കാരെ റോഡ് മാർഗം കരിപ്പൂരിൽ എത്തിക്കുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം, ശ്രീലങ്കയിലെ കൊളംബോയിൽ നിന്ന് കൊച്ചിയിൽ ഇന്ന് രാവിലെ 9.20ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനം മധുരയിലേക്ക് വഴിതിരിച്ചുവിട്ടെന്നും സിയാൽ അറിയിച്ചു. ശ്രീലങ്കൻ എയറിന്റെ ഫ്ലൈറ്റ് നമ്പർ യുഎൽ/165 ആണ് മധുരയിലേക്ക് വിട്ടത്. ജിദ്ദയിൽ നിന്നുള്ള വിമാനത്തിന്റെ അടിയന്തര ലാൻഡിംഗിനെത്തുടർന്ന് റൺവേ അടച്ചിടേണ്ടി വന്നതുകൊണ്ടാണ് കൊളംബോ – കൊച്ചി വിമാനം മധുരയിലേക്ക് വഴിത്തിരിച്ച് വിട്ടത്.
അടിയന്തര ലാൻഡിംഗിന് ശ്രമിച്ചതോടെ വിമാനത്താവളത്തിൽ സിഐഎസ്എഫ്, ഫയർഫോഴ്സ് തുടങ്ങിയ വിഭാഗങ്ങൾ സജ്ജരായി നിന്നിരുന്നു. എന്നാൽ സുരക്ഷിതമായി ലാൻഡ് ചെയ്യാനായി. അടിയന്തര സാഹചര്യം ഒഴിവായ ആശ്വാസത്തിലാണ് വിമാനത്താവള അധികൃതർ.