കോടതിയിൽ പറയാത്ത പല കാര്യങ്ങളും ചാനലുകളിൽ പറഞ്ഞു; അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്

Thursday 18 December 2025 2:15 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി നടൻ ദിലീപ്. കോടതിയിൽ പറയാത്ത പല കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥൻ ചാനലുകളിൽ പറഞ്ഞുവെന്നാണ് ദിലീപിന്റെ ആരോപണം. അടച്ചിട്ട കോടതി മുറികളിലെ വാദങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ ചോർത്തിയെന്നും ദിലീപ് ആരോപിച്ചു. കോടതിയലക്ഷ്യത്തിന് ദിലീപ് നൽകിയ ഹർജി ജനുവരി പന്ത്രണ്ടിന് പരിഗണിക്കും. കൂടാതെ അന്തരിച്ച സംവിധായകൻ ബാലചന്ദ്രകുമാർ പൊലീസിന് മൊഴി നൽകുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചാനലുകളിലെ അഭിമുഖത്തിൽ പറഞ്ഞു. അങ്ങനെയൊരു സാക്ഷിയായിരുന്നെങ്കിൽ ആദ്യം കോടതിയെ അറിയിക്കുകയായിരുന്നു ചെയ്യേണ്ടതെന്നും നടൻ വ്യക്തമാക്കി. അതേസമയം, നടന്റെ പാസ്‌പോർട്ട് തിരിച്ചുനൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചിട്ടുണ്ട്. പുതിയ സിനിമകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിദേശത്ത് പോകണമെന്നും അതിനാൽ പാസ്‌പോർട്ട് വേണമെന്നും ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കുകയായിരുന്നു.