മുളന്തുരുത്തിയിലുണ്ട് പേരിനൊരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ

Friday 19 December 2025 1:36 AM IST

മുളന്തുരുത്തി: ആവശ്യത്തിന് ഡോക്ടർമാരുടെ സേവനമില്ലാതെ ഇഴഞ്ഞുനീങ്ങി മുളന്തുരുത്തി കുടുംബാരോഗ്യകേന്ദ്രം. നൂറുകണക്കിന് സാധാരണക്കാർ എത്തുന്ന ഇവിടെ ആവശ്യത്തിന് ഡോക്ടർമാരില്ല. മുളന്തുരുത്തി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഒ.പി രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തിയിട്ടും ഉച്ചയ്ക്ക് ശേഷമുള്ള ഡോക്ടർമാരുടെ സേവനം തിരഞ്ഞെടുപ്പിനുശേഷം ഗ്രാമപഞ്ചായത്ത് ഭരണസമിതി നിറുത്തിവച്ചു. ഉച്ചയ്ക്കുശേഷം ഡോക്ടർമാർ ഇല്ലാത്തതിന് നിരവധി പരാതികൾ നാട്ടുകാരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് നൽകിയെങ്കിലും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതികൾ തിരിഞ്ഞു നോക്കിയിരുന്നില്ല. തിരഞ്ഞെടുപ്പ് അടുത്തതോടെ ഒരു മാസത്തെ കരാർ വ്യവസ്ഥയിൽ ഉച്ചയ്ക്ക് ശേഷം ഡോക്ടറെ നിയമിച്ചുവെങ്കിലും കടുത്ത പരാജയം നേരിട്ട യു.ഡി.എഫ് ഭരണസമിതി തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഡോക്ടറുടെ സേവനം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പാവപ്പെട്ട രോഗികൾക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയിലാണ്.

ഉച്ചകഴിഞ്ഞ് ഡോക്ടർമാരുടെ സേവനവും ഇല്ലാതായതോടെ സമീപപ്രദേശങ്ങളിലെ പട്ടികവിഭാഗം കോളനികളിൽനിന്നുള്ള സാധാരണക്കാർക്ക് ചികിത്സ ലഭിക്കാതെയുമായി . മുളന്തുരുത്തി പഞ്ചായത്തിന് സമീപത്തുള്ള എടക്കാട്ടുവയൽ, ആമ്പല്ലൂർ, ചോറ്റാനിക്കര, തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയമാണ് മുളന്തുരുത്തി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ. കരാർ അവസാനിച്ചതോടെ കഴിഞ്ഞമാസം നിയമിച്ച ഡോക്ടർ സേവനം അവസാനിപ്പിച്ച് മടങ്ങി.ഉച്ചയ്ക്ക് ശേഷമുള്ള സേവനത്തിനായി ഒരു മാസത്തെ താതാകാലിക കരാർ മാത്രമാണ് ഭരണസമിതി ഉണ്ടാക്കിയതെന്നാണ് ആശുപത്രിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഒ.പി രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന രേഖപ്പെടുത്തുമ്പോഴും മുളന്തുരുത്തി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വർഷങ്ങളായി കിടത്തി ചികിത്സ നിറുത്തിവച്ചിരിക്കുകയാണ്.

ഉച്ചയ്ക്കുശേഷം ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനമില്ലാത്തതിനാൽ മുഖ്യമന്ത്രി ആരോഗ്യവകുപ്പ് മന്ത്രി, ധനമന്ത്രി തുടങ്ങിയവർക്ക് മുളന്തുരുത്തി വികസന സമിതിയുടെ നേതൃത്വത്തിൽ ജനങ്ങളിൽ നിന്ന് ഒപ്പുകൾ ശേഖരിച്ച്

പരാതി നൽകിയിരുന്നു. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഒരു മാസത്തേക്ക് ഡോക്ടർമാരെ നിയമിച്ചുവെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അതും നിലച്ചു.

റെജി. വി

ജനറൽ കൺവീനർ

മുളന്തുരുത്തി വികസന സമിതിl