'നിനക്കായി ഞങ്ങൾ കരുതിവച്ച ജീവിതം ജീവിക്കാൻ കൂടുതൽ സമയം ലഭിച്ചിരുന്നെങ്കിൽ?'; കുറിപ്പുമായി കെ എസ് ചിത്ര
അകാലത്തിൽ വിടപറഞ്ഞ ഏക മകൾ നന്ദനയുടെ പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി ഗായിക കെ എസ് ചിത്ര. സ്വർഗത്തിലെ മാലാഖയാണ് തന്റെ മകളെന്നാണ് ചിത്ര തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. കുട്ടിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. നീ ഞങ്ങളെ വിട്ട് നേരത്തെ പോയെന്നും ചിലപ്പോൾ നല്ല കുട്ടികളെ സ്വർഗത്തിലാവശ്യമുണ്ടായിരിക്കുമെന്നും ചിത്ര കുറിച്ചു.
'ഞങ്ങളുടെ പ്രിയപ്പെട്ട മകൾ, സ്വർഗത്തിലെ മാലാഖയായവൾ, നീ ഞങ്ങളെ വിട്ട് നേരത്തെ പോയി. നിനക്കായി ഞങ്ങൾ കരുതിവച്ച ജീവിതം ജീവിക്കാൻ കൂടുതൽ സമയം ലഭിച്ചെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു. എന്നാൽ ചിലപ്പോൾ നല്ല കുട്ടികളെ സ്വർഗത്തിലാവശ്യമുണ്ടായിരിക്കും. നീ അവരിൽ ഒരാളാണ്. പിറന്നാൾ ആശംസകൾ നന്ദന' - എന്നാണ് ചിത്ര കുറിച്ചത്.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ 2002 ൽ ആണ് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. 2011ൽ ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണാണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെട്ടത്.