'പോറ്റിയെ കേറ്റിയേ' എന്ന പാരഡി പാട്ടിനെതിരെ കേസ്; ഗാനരചയിതാവ് കുഞ്ഞബ്ദുള്ളയ്ക്ക് പിന്തുണയുമായി കോൺഗ്രസ്
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയേ' എന്ന പാരഡി പാട്ടിന്റെ അണിയറ പ്രവർത്തകരെ പ്രതിയാക്കി പൊലീസ് കേസെടുത്തതിന് പിന്നാലെ പാട്ടിന്റെ രചയിതാവിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് എം പി കെ സി വേണുഗോപാൽ. കേസിൽ നിയമപോരാട്ടത്തിന് കോൺഗ്രസ് പിന്തുണ നൽകുമെന്ന് പാട്ടെഴുതിയ ഖത്തറിൽ ജോലി ചെയ്യുന്ന നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുള്ളയെ കെ സി വേണുഗോപാൽ അറിയിച്ചു. ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. പാട്ടിന് അഭിനന്ദനവും അറിയിച്ചു.
പാരഡി ഗാനത്തിന്റെ പേരിൽ കേസെടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കുറ്റപ്പെടുത്തി. പാരഡി ഗാനം ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിത്. സംഘപരിവാറിന്റെ അതേ കളിയാണ് കേരളത്തിൽ സിപിഎം കളിക്കുന്നത്. സാംസ്‌കാരിക ലോകത്തിനുമുന്നിൽ മുഖ്യമന്ത്രി തലകുനിച്ച് നിൽക്കണം. തീവ്ര വലതുപക്ഷ സർക്കാരുകളുടെ അതേ നയമാണ് ഇടതുപക്ഷ സർക്കാരിനുമുള്ളത്. ഈ നിലപാട് കേരളത്തിന് അപമാനമാണെന്നും വി ഡി സതീശൻ പറഞ്ഞു.
കുഞ്ഞബ്ദുള്ളയ്ക്ക് പുറമെ പാരഡി പാട്ടിന് സംഗീതം നൽകിയ കോഴിക്കോട് സ്വദേശി ഹനീഫ, പാടിയ ഡാനിഷ് കൂട്ടിലങ്ങാടി തുടങ്ങിയവരെ പ്രതിയാക്കിയാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തത്. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയതെന്നും ചൂണ്ടിക്കാട്ടി തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രശാന്ത് കുഴിക്കാല നൽകിയ പരാതി സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന് കൈമാറിയിരുന്നു. പ്രാഥമിക പരിശോധനയിൽ കേസെടുക്കാമെന്നാണ് കണ്ടെത്തിയതോടെ പരാതി സൈബർ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഗാനം തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യാപകമായി പ്രചരിച്ചിരുന്നു.