കുളമ്പ് രോഗം -ചർമ്മമുഴ കുത്തി​വയ്പ് യജ്ഞം തുടങ്ങി​

Friday 19 December 2025 12:56 AM IST

കൊച്ചി​: കാലി​കളി​ലെ കുളമ്പ് രോഗം -ചർമ്മുമുഴയ്ക്കെതി​രെ ജനുവരി 23 വരെ നീളുന്ന കുത്തിവയ്പ് യജ്ഞത്തി​ന് തുടക്കമായി​. ലൈഫ്സ്റ്റോക്ക് ഇൻസ്പെക്ടർമാരും അറ്റൻഡന്റുമാരും അടങ്ങിയ 170 സ്ക്വാഡുകളാണ് രംഗത്തുള്ളത്. നവംബറിൽ ആരംഭിക്കേണ്ട കുത്തിവയ്പ്പാണ് സമഗ്ര വോട്ടർപട്ടിക പരിഷ്കരണവും തിരഞ്ഞെടുപ്പും മൂലം നീണ്ടത്. മൃഗസംരക്ഷണ വകുപ്പിലെ വിവിധ സ്ക്വാഡുകൾ ക്ഷീരകർഷകരുടെ വീടുകളിൽ എത്തി പശുക്കൾക്കും എരുമകൾക്കും സൗജന്യമായി വാക്സിനേഷൻ നൽകും. കുത്തിവയ്‌പ്പ് യജ്ഞം തേവര എസ്.എച്ച് മൊണാസ്ട്രി ഫാമിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജി​. സജികുമാർ ഉദ്ഘാടനം ചെയ്തു. ചീഫ് വെറ്ററിനറി ഓഫീസറും എൻ. എ. ഡി. സി പി .ജില്ലാ കോഓർഡിനേറ്ററുമായ ഡോ. ജിജേഷ് കുമാർ പങ്കെടുത്തു.

75413 കന്നുകാലികൾക്ക് മരുന്നു നൽകും

ജില്ലയിൽ പശുക്കളും എരുമകളും പോത്തുകളുമായി 75413 കന്നുകാലികൾക്ക് പ്രതിരോധ വാക്സിൻ നൽകും.

 ഇവയുടെ ചെവിയിൽ പ്രത്യേക ടാഗ് പതിപ്പിക്കും.

ആറുമാസം കൂടുമ്പോൾ പ്രതിരോധ കുത്തിവെപ്പ് എടുക്കും.  വാക്സിനേഷൻ വിവരങ്ങൾ ഭാരത് പശു ധാൻ എ.എച്ച് .ഡി പോർട്ടലിൽ രേഖപ്പെടുത്തും.

കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്

(പശു, കാള, എരുമ, പോത്ത്)

 നാലു മാസത്തിന് മുകളിൽ പ്രായമുള്ളവയ്ക്ക്.

ഗർഭാവസ്ഥയുടെ അവസാന മൂന്നു മാസത്തിൽ ഉള്ളവയെയും രോഗം ബാധിച്ചവയെയും മൂന്നുമാസത്തിനകം പ്രതിരോധ വാക്സിൻ എടുത്ത പശുക്കളെയും ഒഴിവാക്കിയിട്ടുണ്ട്.

ചർമ്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പ്

(പശുവി​നും കാളയ്ക്കും മാത്രം)

നാലു മാസത്തിന് മുകളിൽ പ്രായമുള്ളവയ്ക്ക്.  ഗർഭിണികളായ പശുക്കൾക്ക് എടുക്കാം.

രോഗബാധിതരായവ, മൂന്നുമാസത്തിനുള്ളിൽ റിംഗ് വാക്സിനേഷന്റെ ഭാഗമായി വാക്സിൻ സ്വീകരിച്ചവയ്ക്ക് ആവശ്യമി​ല്ല.