'കിക്ക് ബോക്‌സിംഗ് ചെയ്‌ത് ഗാന്ധി'; ചിത്രങ്ങൾ എഐ അല്ല

Thursday 18 December 2025 5:36 PM IST

അർദ്ധനഗ്നനായി വടിയൂന്നി നിൽക്കുന്ന മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾ നമുക്കെല്ലാം പരിചയമുണ്ട്. അഹിംസയുടെ മാർഗത്തിൽ സമരങ്ങൾ ചെയ്‌തിരുന്ന ഗാന്ധിയെക്കുറിച്ച് നമ്മൾ ഒരുപാട് പഠിച്ചിട്ടുമുണ്ട്. എപ്പോഴെങ്കിലും പാന്റ്സിട്ട് മാർഷ്യൽ ആർട്സ്‌ ചെയ്യുന്ന ഗാന്ധിജിയെപ്പറ്റി സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ? ഇനിയിപ്പോൾ സങ്കൽപ്പിച്ചു കഷ്‌ടപ്പെടേണ്ട ആവശ്യമില്ല. അങ്ങനെയുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയ ഏറ്റെടുത്തുക്കഴിഞ്ഞു. സംഭവം എഐ ചിത്രങ്ങളാണെന്നു കരുതി തെറ്റിദ്ധരിക്കണ്ട. ആർമിയിൽ നിന്ന് റിട്ടയേർഡ് ആയ രാജീവ് ഡിഎസ് ചൗഹാൻ എന്ന 61 വയസുകാരന്റേതാണ് ചിത്രങ്ങൾ.

കിക്ക്ബോക്‌സിംഗ്, വെയിറ്റ്‌ലിഫ്‌റ്റിംഗ്, നഞ്ചക്ക് ഉപയോഗിച്ചുള്ള പരിശീലനങ്ങൾ തുടങ്ങിയ അഭ്യാസങ്ങളുടെ വീഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ. എന്നാൽ ഇന്റർനെറ്റ് ഉപയോക്താക്കളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അദ്ദേഹത്തിന്റെ രൂപഭാവമാണ്.

ഒരു നിമിഷം ഇവയെല്ലാം ചെയ്യുന്നത് യഥാർത്ഥ ഗാന്ധിയാണോയെന്ന് കാഴ്‌ചക്കാർ സംശയിച്ചുപോകുന്ന വിധത്തിലാണ് ഇരുവരും തമ്മിലുള്ള രൂപസാദൃശ്യം. ശരീരഘടന, കഷണ്ടിയുള്ള തല, കണ്ണട വച്ച കണ്ണുകൾ ഇവയെല്ലാം കാഴ്‌ചയിൽ ഒരുപോലെതന്നെയുണ്ട്. ഇൻസ്റ്റാഗ്രാമിൽ 1,32,000-ത്തിലധികം ഫോളോവേഴ്‌സുള്ള വ്യക്തിയാണ് ചൗഹാൻ. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്.

61-ാമത്തെ വയസിലും വളരെ അനായാസമായാണ് അദ്ദേഹം കായികാഭ്യാസങ്ങൾ ചെയ്യുന്നത്. പ്രശസ്‌തരായ വ്യക്തികളുടെ രൂപസാദൃശ്യമുള്ളവർ അവരെ അനുകരിച്ച് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ വളരെ പെട്ടെന്ന് വൈറലാകാറുണ്ടെങ്കിലും ഇത്തരത്തിലൊന്ന് അപൂർവമാണ്.