പാലാരിവട്ടം മേൽപ്പാലം പൊളിക്കരുത്: ഇടക്കാല ഉത്തരവുമായി ഹൈക്കോടതി, ഇ. ശ്രീധരന്റെ വാക്ക് സർക്കാർ വിശ്വസിക്കരുതെന്ന് ഹർജി
കൊച്ചി: പാലാരിവട്ടം പാലം ഇപ്പോൾ പൊളിക്കരുതെന്ന നിർദ്ദേശവുമായി കേരള ഹൈക്കോടതി. നിലവിൽ പാലം പൊളിക്കാൻ പാടില്ലെന്നും കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ അത് പാടുള്ളൂ എന്നുമാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എൻജിനീയർമാർ കോടതിയിൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച ശേഷമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വരുന്നത്. പാലാരിവട്ടം പാലം പൊളിച്ച് പണിയാൻ സർക്കാർ നീക്കങ്ങൾ ആരംഭിക്കുന്നതിനിടെയാണ് കോടതിയുടെ നിർദ്ദേശം വരുന്നത്.
ഇ.ശ്രീധരന്റെ നിർദ്ദേശം അനുസരിച്ചാണ് സർക്കാർ പാലം പൊളിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോയതെന്നും എന്നാൽ ഇതിനുമുൻപ് സർക്കാർ പാലത്തിന്റെ ഭാരപരിശോധന നടത്തണമായിരുന്നുവെന്നും പാലത്തിന് ബലക്ഷയം ഉണ്ടെന്ന് തെളിയിക്കണമായിരുന്നുവെന്നും എൻജിനീയർമാർ നൽകിയ ഹർജിയിൽ പറയുന്നു.
മുൻപ്, ഐ.ഐ.ടി വിദഗ്ദ്ധർ പാലത്തിൽ നടത്തിയ പരിശോധനയിൽ പാലം പൊളിച്ച് പണിയേണ്ടതില്ല,അറ്റകുറ്റ പണി നടത്തിയാൽ മതി എന്ന് കണ്ടെത്തിയിരുന്നുവെന്നും എന്നാൽ ആ തീരുമാനം മറികടന്നുകൊണ്ടാണ് ഇ. ശ്രീധരനെ മാത്രം വിശ്വസിച്ച് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഹർജിയിൽ പറയുന്നു. പാലം പൊളിക്കുംമുൻപ് കൃത്യമായ പരിശോധന നടത്തേണമെന്നും ഹർജിയിൽ എൻജിനീയർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരപരിശോധന നടത്തണമെന്ന് നിർദ്ദേശിച്ച കോടതി മറുപടി നൽകുന്നതിനായി സർക്കാരിന് 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.