ലാന്‍ഡിംഗിന് തൊട്ട്മുമ്പ് ആടിയുലഞ്ഞ് ഖത്തര്‍ എയര്‍വേയ്‌സ് വിമാനം; ഗോ എറൗണ്ട് ചെയ്ത് പൈലറ്റ്

Thursday 18 December 2025 7:58 PM IST

ദോഹ: ലാന്‍ഡിംഗിന് തൊട്ട് മുമ്പ് കാറ്റില്‍ ആടിയുലഞ്ഞിട്ടും വന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഖത്തര്‍ എയര്‍വേയ്‌സ് വിമാനം. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവായതിന് കാരണം. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിന്ന് അമേരിക്കയിലെ അറ്റ്‌ലാന്റയിലേക്കാണ് വിമാനം പറന്നത്. അറ്റ്‌ലാന്റ വിമാനത്താവളത്തിലെ ലാന്‍ഡിംഗിനിടെയാണ് ശക്തമായ കാറ്റ് ആഞ്ഞടിച്ചത്. ക്യുആര്‍ 755 വിമാനമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ലാന്‍ഡിംഗ് സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയ പൈലറ്റ് ഗോ എറൗണ്ട് ചെയ്തതോടെയാണ് അപകടം ഒഴിവായത്. ലാന്‍ഡിംഗിന് തയ്യാറെടുത്ത വിമാനം അവസാന നിമിഷമാണ് വീണ്ടും പറന്ന് പൊങ്ങിയത്. ലാന്‍ഡ് ചെയ്യുന്നത് ദുഷ്‌കരമാണെന്ന് മനസ്സിലാക്കി വീണ്ടും പറന്ന് പൊങ്ങുന്നതിനിടെ ഫ്‌ളൈറ്റിന്റെ ടെയില്‍ ഭാഗം റണ്‍വേയില്‍ ഉരസാതിരുന്നത് ഇഞ്ചുകളുടെ മാത്രം വ്യത്യാസത്തിലാണ്. ഡിസംബര്‍ 14ന് നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

ശക്തമായ കാറ്റില്‍ വിമാനം വല്ലാതെ ഉലയുന്നതും, അപകടം മണത്ത പൈലറ്റ് സമയോചിതമായി വിമാനം വീണ്ടും പറന്നുയരുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. വിമാനയാത്രയില്‍ തികച്ചും സ്വാഭാവികമായ ഒരു സുരക്ഷാ മുന്‍കരുതലാണ് ഗോ-എറൗണ്ട്. ലാന്‍ഡിങ് സുരക്ഷിതമല്ലെന്ന് പൈലറ്റിന് ബോധ്യപ്പെട്ടാല്‍ വിമാനം നിലത്തിറക്കാതെ വീണ്ടും പറന്നുയരുന്ന രീതിയാണിത്. എന്നാല്‍ ഗോ എറൗണ്ട് എന്നത് സുരക്ഷിതമായ ലാന്‍ഡിംഗിന് വേണ്ടി നടത്തുന്ന ശ്രമം മാത്രമാണ് മറിച്ച് ഇതൊരു അപകട സാദ്ധ്യതയല്ല.