മീഡിയേഷൻ ഫോർ ദ നേഷൻ: 390 കേസുകൾ തീർപ്പാക്കി

Friday 19 December 2025 1:11 AM IST

പാലക്കാട്: രാജ്യത്തെ കോടതികളിൽ നടപ്പാക്കുന്ന മീഡിയേഷൻ ഫോർ ദ നേഷൻ കാമ്പയിനിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ 390 കേസുകൾ തീർപ്പാക്കി. സുപ്രീം കോടതിയുടെ കീഴിൽ മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ പ്രൊജക്ട് കമ്മിറ്റിയും(എം.സി.പി.സി) നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ(എൻ.എ.എൽ.എസ്.എ) കീഴിലാണ് 90 ദിവസം നീണ്ട് നിൽക്കുന്ന കാമ്പയിൻ നടക്കുന്നത്. കോടതികളിൽ വർദ്ധിക്കുന്ന കേസുകളിൽ യഥാസമയം നീതി ലഭിക്കാനായാണ് ഇത്തരത്തിൽ കാമ്പയിൻ സംഘടിപ്പിക്കുന്നത്.

 രണ്ടാം ഘട്ടം രണ്ട് മുതൽ കാമ്പയിനിന്റെ രണ്ടാംഘട്ടമായി 'മീഡിയേഷൻ ഫോർ ദ നേഷൻ-2' ജനുവരി രണ്ട് മുതൽ നടക്കും. പാലക്കാട് ജില്ലയിലെ വിവിധ കോടതികളിലെ വൈവാഹിക തർക്ക കേസുകൾ, അപകട ക്ലെയിം കേസുകൾ, ഗാർഹിക അതിക്രമ കേസുകൾ, ചെക്ക് ബൗൺസ് കേസുകൾ, വാണിജ്യ തർക്ക കേസുകൾ, സർവീസ് വിഷയ കേസുകൾ, ഉപഭോക്തൃ തർക്ക കേസുകൾ, പാർട്ടീഷ്യൻ കേസുകൾ, കടം വീണ്ടെടുക്കൽ കേസുകൾ, ഒഴിപ്പിക്കൽ കേസുകൾ, ഭൂമി ഏറ്റെടുക്കൽ കേസുകൾ തുടങ്ങിയവ മദ്ധ്യസ്ഥതയിലൂടെ തീർപ്പാക്കും. ജനുവരി 31 വരെ റഫർ ചെയ്യുന്ന കേസുകൾക്ക് ഓരോ കേസിനും 90 ദിവസം തീർപ്പാക്കാനുള്ള സമയം ലഭിക്കും. കേസിലെ കക്ഷികളുടെ സൗകര്യാർത്ഥം മീഡിയേറ്റർ നേരിട്ടും ഓൺലൈനിലൂടെയും മദ്ധ്യസ്ഥം നടത്തും. ഇത്തരത്തിൽ തീർപ്പാവുന്ന കേസുകൾക്ക് അടച്ചിരുന്ന കോടതി ചെലവ് തിരിച്ച് ലഭിക്കുമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.