@ നികത്തിയ ഭാഗം പൂർവ സ്ഥിതിയിലാക്കിയില്ല സരോവരം തണ്ണീർത്തടം കണ്ണീർത്തടം
@ സമരം കടുപ്പിക്കാൻ പ്രകൃതി സംരക്ഷണ സമിതി
കോഴിക്കോട്: വിജിൽ കൊലപാതക കേസന്വേഷണത്തിന്റെ ഭാഗമായി കോട്ടൂളി തണ്ണീർത്തടം നികത്തിയ ഭാഗം പൂർവ സ്ഥിതിയിലാക്കാത്തതിൽ പ്രതിഷേധം. തണ്ണീർത്തടത്തിൽ 46 ലോഡ് മണ്ണ് നിക്ഷേപിച്ചിരുന്നു. ദേശീയ പ്രാധാന്യമുള്ള തണ്ണീർത്തടം നികത്തിയതിനെതിരെ സരോവരം പ്രകൃതി സംരക്ഷണസമിതി കഴിഞ്ഞ ആഗസ്റ്റിൽ ജില്ലാ കളക്ടർക്കും പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു. തെളിവെടുപ്പ് പൂർത്തിയായാൽ നിക്ഷേപിച്ച മണ്ണ് മാറ്റുമെന്നാണ് കമ്മിഷണറും എലത്തൂർ ഇൻസ്പെക്ടറും പറഞ്ഞത്. എന്നാൽ ഉറപ്പ് പാലിച്ചില്ലെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. ഹൈക്കോടതിയിൽ സമിതി നൽകിയ റിട്ട് ഹർജിയെ തുടർന്ന് കോട്ടൂളി തണ്ണീർത്തടം സംരക്ഷിക്കണമെന്ന് കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സ്റ്റേറ്റ് വെറ്റ്ലാൻഡ് അതോറിറ്റിയെ നിശ്ചയിച്ചിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥ തലങ്ങളിൽ തുടർനടപടികളില്ല. കാണാതായ വിജിലിന്റെ മൃതദേഹം കണ്ടെത്താനാണ് തെരയേണ്ട ഭാഗം മണ്ണിട്ട് നികത്തിയത്. വിജിലിനെ സരോവരം തീർത്തടത്തിൽ കെട്ടിത്താഴ്ത്തിയെന്നാണ് സുഹൃത്തുക്കളുടെ മൊഴി. തെരച്ചിലിന് ഉപയോഗിച്ച പൊക്ളയിൻ തണ്ണീർത്തടത്തിൽ താഴ്ന്നതിനാൽ തെരച്ചിൽ അസാദ്ധ്യമായിരുന്നു. ഇതിന് പരിഹാരമായാണ് നികത്തിയത്. വിജിലിന്റെ ശരീരാവശിഷ്ടങ്ങൾ കിട്ടിയെങ്കിലും നികത്തിയ ഭാഗം പൂർവ സ്ഥിതിയിലാക്കിയില്ല.
വീണ്ടും പരാതി നൽകും; പ്രതിഷേധം കടുപ്പിക്കും
മണ്ണ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും പൊലീസ് കമ്മിഷണർക്കും സമരസമിതി വീണ്ടും പരാതി നൽകും. ഇന്നലെ നടത്തിയ പ്രതിഷേധ സംഗമം സമിതി പ്രസിഡന്റ് കെ.അജയലാൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.പി അലക്സ്, വൈസ് പ്രസിഡന്റ് സി.കിഷോർ കുമാർ, ഡോ.അമീൻ മുഹമ്മദ് , അജിത അരവിന്ദൻ, വിനീത കിഷോർ, എം.രാജേശ്വരി തുടങ്ങിയവർ പങ്കെടുത്തു.
കോട്ടൂളി തണ്ണീർത്തടം: പരിസ്ഥിതി പ്രാധാന്യം
ആകെ വിസ്തൃതി 150 ഹെക്ടർ
പാരിസ്ഥിതിക മൂല്യം 300 കോടി
മൂല്യം ഹെക്ടറിന് 1.85 കോടി