വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങി ഇന്ത്യയിലെ ഈ വിമാനക്കമ്പനി; ടിക്കറ്റ് നിരക്ക് കുത്തനെ കുറയാന്‍ സാദ്ധ്യത
ന്യൂഡല്‍ഹി: രാജ്യത്ത് ഒരേസമയം ലാഭത്തില്‍ പ്രവര്‍ത്തിക്കുകയും സാധാരണക്കാരന് താങ്ങായിമാറുകയും ചെയ്ത ബജറ്റ് എയര്‍ലൈന്‍സ് ആണ് ഇന്‍ഡിഗോ. എന്നാല്‍ സമീപകാലത്ത് നേരിട്ട പ്രതിസന്ധി എയര്‍ലൈന്‍സിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുകയായിരുന്നു. ഇപ്പോഴിതാ വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് പ്രതിസന്ധികള്‍ പരിഹരിച്ച ശേഷം കമ്പനി. ഇന്‍ഡിഗോ നേരിട്ടിരുന്ന പ്രവര്‍ത്തന തടസങ്ങള്‍ പരിഹരിച്ചുവെന്ന് സി.ഇ.ഒ പീറ്റര്‍ എല്‍ബേഴ്സ്.
കഴിഞ്ഞ ദിവസങ്ങളില്‍ ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായിരുന്ന ഇന്‍ഡിഗോ, ഇപ്പോള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് കമ്പനി അറിയിച്ചു. നിരവധി വിമാനങ്ങളാണ് ഈ മാസം ആദ്യം ഇന്‍ഡിഗോ റദ്ദ് ചെയ്തത്. പ്രതിദിനം 2000ന് മുകളില്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്തിരുന്ന കമ്പനി ഡിസംബര്‍ അഞ്ചിന് ആകെ നടത്തിയത് വെറും 700 സര്‍വീസുകള്‍ മാത്രമാണ്. ഇത് മറ്റ് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന സാഹചര്യം ഉള്‍പ്പെടെ സൃഷ്ടിച്ചിരുന്നു.
ഡിസംബര്‍ ആദ്യവാരത്തില്‍ ഉണ്ടായ കടുത്ത പ്രതിസന്ധിയില്‍ ഒരു ദിവസം ആയിരത്തിലധികം വിമാനങ്ങള്‍ വരെ റദ്ദാക്കേണ്ടി വന്നിരുന്നു. ഇന്ത്യന്‍ വ്യോമയാന മേഖലയെ തന്നെ പിടിച്ചുലച്ച പ്രതിസന്ധിക്കാണ് ഇന്‍ഡിഗോയുടെ തിരിച്ചുവരവിലൂടെ പരിഹാരമാകുന്നത്. ഘട്ടംഘട്ടമായിട്ടാണ് കമ്പനി തങ്ങളുടെ പ്രതിസന്ധി പരിഹരിച്ചത്. ഇപ്പോള്‍ പൂര്‍ണ സജ്ജമായി തങ്ങളുടെ സര്‍വീസുകളുടെ എണ്ണം പരമാവധിയായ 2200ല്‍ എത്തിക്കാനായെന്നാണ് ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കുന്നത്.
സര്‍വീസുകള്‍ പൂര്‍ണതോതില്‍ സജ്ജമായതോടെ കമ്പനിയുടെ ഓഹരി മേഖലയിലും മുന്നേറ്റമുണ്ടായിരിക്കുകയാണ്. പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായെന്ന ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ നിക്ഷേപകര്‍ക്ക് കമ്പനിയിലുള്ള വിശ്വാസം വര്‍ധിച്ചു. ഇതോടെ ഓഹരി വിപണിയില്‍ ഇന്‍ഡിഗോയുടെ മാതൃ കമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരികള്‍ക്ക് ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും വില ഉയരുകയും ചെയ്തു.