ക്രിസ്മസ് -പുതുവത്സര ആഘോഷം കേക്ക് 'കളർഫുൾ' ആവേണ്ട, പിഴ വീഴും

Friday 19 December 2025 12:32 AM IST
ഭക്ഷ്യസുരക്ഷ വകുപ്പ്

പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

കോഴിക്കോട്: ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങൾ കളറാക്കാൻ കേക്കിൽ മായം കൂട്ടേണ്ട പണി കിട്ടും. കേക്കുകൾ ഉൾപ്പെടെ കൂടുതൽകാലം സൂക്ഷിക്കുന്നതിന് അളവിൽ കൂടുതൽ പ്രിസർവേറ്റീവുകളും മറ്റും ചേർക്കുന്നത് തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന 20 ന് തുടങ്ങും. പരിശോധയ്‌ക്കെടുക്കുന്ന സാമ്പിളുകളിൾ മൂന്നിലൊന്നും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് വകുപ്പ് പരിശോധന കർശനമാക്കുന്നത്. ആഘോഷങ്ങൾ അടുത്തതോടെ വീടുകൾ കേന്ദ്രീകരിച്ച് ലെെസൻസില്ലാതെയും ഭക്ഷ്യ വസ്തുക്കൾ വിപണിയിലെത്തുന്നുണ്ട്. അഞ്ച് സ്പെഷ്യൽ സ്ക്വാഡുകളായി 13 റീജിയണലുകളിലും പരിശോധന നടക്കും. കേക്ക്, വൈൻ നിർമ്മിക്കുന്ന ബോർമകൾ, ബേക്കറി യൂണിറ്റ്, ചില്ലറ വിൽപ്പന ശാല, മാർക്കറ്റുകൾ, വഴിയോര ഭക്ഷണശാലകൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന പ്രധാനമായും നടക്കുക. രാത്രിയിൽ തട്ടുകടകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഭക്ഷ്യവിൽപനശാലകൾ എന്നിവിടങ്ങളിലും പരിശോധനയുണ്ടാവും. ശേഖരിക്കുന്ന സാമ്പിളുകൾ ലാബിലേക്ക് അയക്കും.

വേണ്ട മായം

കേക്കുകൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ബെൻസോയിക് ആസിഡ്, സോർബിക് ആസിഡ് എന്നിവ 10 കിലോഗ്രാം ഉത്പന്നത്തിൽ 10 ഗ്രാം മാത്രമാണ് പരമാവധി ചേർക്കാവുന്നത്. എന്നാൽ വിപണിയിലെത്തുന്ന മിക്ക കേക്കുകളിലും കൂടുതൽ അളവിൽ ഇവ ചേർത്തതായി കണ്ടെത്തിയിട്ടുണ്ട്. കേക്ക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സാധനങ്ങൾ ആറ് മാസത്തിൽ ഒരിക്കൽ ലാബ് ടെസ്റ്റ് നടത്തി സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണം. ഉപഭോക്താക്കൾ പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ ലേബൽ വിവരങ്ങൾ ഉള്ളതും കാലാവധി രേഖപ്പെടുത്തിയിട്ടുളളതുമായ ഭക്ഷണ സാധനങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ചെറുതും വലുതുമായ എല്ലാ കച്ചവടക്കാരും ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം രജിസ്‌ട്രേഷൻ, ലൈസൻസ് എടുക്കേണ്ടതാണ്. അഞ്ച് വർഷത്തെ രജിസ്ട്രേഷന് 500 രൂപയാണ് ഫീസ്. ഭക്ഷ്യസുരക്ഷ രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാതെയുള്ള ഭക്ഷ്യഉത്പ്പന്നങ്ങളുടെ വ്യാപാരം 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.

20 ന് ആരംഭിക്കുന്ന പരിശോധന 31ന് അവസാനിക്കും. ഭക്ഷ്യസുരക്ഷ നിയമങ്ങൾ തെറ്റിക്കുന്നവർക്കെതിരെ ക‌ർശന നടപടി സ്വീകരിക്കും''- ബിബിമാത്യു, ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ.