അടുത്ത ബഡ്ജറ്റിൽ പ്രതീക്ഷയോടെ കൊട്ടാരക്കര ഫയർ സ്റ്റേഷൻ
കൊട്ടാരക്കര : പരിമിതികൾക്കും അസൗകര്യങ്ങൾക്കും നടുവിൽ വീർപ്പുമുട്ടുന്ന കൊട്ടാരക്കര ഫയർ സ്റ്റേഷന് ശാശ്വത മോചനം തേടി നാട് ബഡ്ജറ്റിലേക്ക് ഉറ്റുനോക്കുന്നു. എം.സി റോഡും ദേശീയ പാതയും സംഗമിക്കുന്ന പ്രധാന കവലയെന്ന നിലയിൽ അപകടസാദ്ധ്യതകൾ ഏറെയുള്ള കൊട്ടാരക്കരയിൽ, ഫയർ സ്റ്റേഷന്റെ നവീകരണം അനിവാര്യമായിരിക്കുകയാണ്. വരാനിരിക്കുന്ന സംസ്ഥാന ബഡ്ജറ്റിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിക്കുന്ന വികസന പദ്ധതികളിൽ സ്റ്റേഷന് അർഹമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും ജനങ്ങളും.
താത്കാലിക സംവിധാനം
- പതിനഞ്ച് വർഷം മുൻപ് പുലമൺ ജംഗ്ഷന് സമീപത്തെ നഗരസഭയുടെ സസ്യമാർക്കറ്റ് കെട്ടിടത്തിലാണ് ഫയർ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്.
- താത്കാലിക സംവിധാനം എന്ന നിലയിൽ തുടങ്ങിയ ഈ കെട്ടിടത്തിൽ ഇന്നും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നിഴലിക്കുന്നു.
- മെച്ചപ്പെട്ട ഓഫീസ് മുറികൾ, ഉദ്യോഗസ്ഥർക്കുള്ള വിശ്രമ കേന്ദ്രങ്ങൾ, ടോയ്ലറ്റ് സംവിധാനങ്ങൾ എന്നിവയുടെ കുറവ് പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
- നിലവിൽ പുലമൺ തോടിന് സമീപത്തെ ഇതേ കെട്ടിടത്തിൽ തന്നെയാണ് സ്റ്റേഷൻ ഇപ്പോഴും പ്രവർത്തിക്കുന്നത്.
- നേരത്തെ ഫയർ സ്റ്റേഷൻ മൈലത്തേക്കോ ഇ.ടി.സിയിലേക്കോ മാറ്റാനുള്ള ആലോചനകൾ നടന്നിരുന്നു. എന്നാൽ പട്ടണത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം പരിഗണിച്ച് സ്റ്റേഷൻ മാറ്റുന്നത് ഉചിതമാകില്ലെന്ന വിലയിരുത്തലിൽ ആ നീക്കം ഉപേക്ഷിച്ചു.
- പകരം നിലവിലെ സ്ഥലത്തുതന്നെ കാതലായ മാറ്റങ്ങളും പുതിയ കെട്ടിടവും നിർമ്മിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
- ജീവൻരക്ഷാ ഉപകരണങ്ങളുടെ കുറവും ആവശ്യത്തിന് വാഹനങ്ങളും ഉദ്യോഗസ്ഥരും ഇല്ലാത്തതും വലിയ വെല്ലുവിളിയാണ്.
മന്ത്രിയിൽ പ്രതീക്ഷയർപ്പിച്ച്
സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഉദ്യോഗസ്ഥർ നേരിൽക്കണ്ട് സ്റ്റേഷനിലെ പരിതാപകരമായ അവസ്ഥ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. അപകടങ്ങൾ സംഭവിക്കുമ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ട ഫയർ സ്റ്റേഷന് ആധുനിക സജ്ജീകരണങ്ങൾ അനിവാര്യമാണെന്ന റിപ്പോർട്ടാണ് നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അടുത്ത സംസ്ഥാന ബഡ്ജറ്റിൽ കൊട്ടാരക്കര ഫയർ സ്റ്റേഷന്റെ ആധുനികവത്കരണത്തിനായി തുക വകയിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊട്ടാരക്കര ഫയർ സ്റ്റേഷന്റെ പരിമിതികൾ ഏറെയാണ്. നിത്യവും ജീവൻ രക്ഷാ ദൗത്യം ഏറ്റെടുക്കേണ്ടതായി വരുന്നു. ഇനിയങ്ങോട്ട് തീ പിടുത്തങ്ങളുടെ പരമ്പര ഉണ്ടാകും. അപകടങ്ങൾ, തീ പിടുത്തങ്ങൾ, കിണറ്റിൽ വീണത് തുടങ്ങി എപ്പോഴും തിരക്കുള്ള ഫയർ സ്റ്റേഷനിൽ കൃത്യ നിർവഹണത്തിന് ശേഷമെത്തുന്ന ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാൻ പോലും ഇടമില്ല. ഫയർ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം.
ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർ