അമ്പാനിയുടെ മകന്‍ സമ്മാനമായി മെസിക്ക് നല്‍കിയത് ഇക്കാര്യമാണ്; വില എത്രയെന്നറിയാമോ?

Thursday 18 December 2025 11:16 PM IST

മുംബയ്: ഗോട്ട് ടൂര്‍ 2025 എന്ന പേരിലാണ് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇന്ത്യ സന്ദര്‍ശന പരിപാടികള്‍ സംഘടിപ്പിച്ചത്. മൂന്ന് ദിവസം നീണ്ടുനിന്ന സന്ദര്‍ശനം ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. തനിക്ക് ലഭിച്ച സ്വീകരണത്തിനും സ്‌നേഹത്തിനും നന്ദി രേഖപ്പെടുത്തിയ മെസി വീണ്ടും ഇന്ത്യയിലേക്ക് വരുമെന്ന് ഉറപ്പും നല്‍കിയാണ് മടങ്ങിയത്. കൊല്‍ക്കത്ത, മുംബയ്, ഡല്‍ഹി, ഹൈദരാബാദ് എന്നീ പട്ടണങ്ങളിലാണ് മെസി എത്തിയത്.

മുംബയിലെ സന്ദര്‍ശന വേളയില്‍ മുകേഷ് അമ്പാനിയുടെ മകന്‍ ആനന്ദ് അമ്പാനി മെസിക്ക് ഒരു സമ്മാനവും നല്‍കിയിരുന്നു. ഈ സമ്മാനത്തെക്കുറിച്ചും അതിന്റെ വിലയെക്കുറിച്ചുമൊക്കെയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. റിച്ചാര്‍ഡ് മില്ലെയുടെ ആര്‍.എം 003-വി2 എന്ന ലിമിറ്റഡ് എഡിഷന്‍ മോഡല്‍ വാച്ച് ആണ് ആനന്ദ് അമ്പാനി മെസിക്ക് സമ്മാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാച്ചിന്റെ വിലയും പ്രത്യേകതകളുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ലോകത്ത് റിച്ചാര്‍ഡ് മില്ലെ പുറത്തിറക്കിയ 12 പീസ് വാച്ചുകളില്‍ ഒന്നാണ് മെസിക്ക് സമ്മാനമായി അമ്പാനിയുടെ മകന്‍ നല്‍കിയത്. 10.91 കോടി രൂപയാണ് ഈ അത്യാഡംബര വാച്ചിന്റെ വില. മെസി ഇന്ത്യയിലേക്ക് വന്നപ്പോള്‍ വാച്ചൊന്നും ഉണ്ടായിരുന്നില്ലെന്നും വന്‍താരയിലെത്തിയപ്പോഴാണ് വാച്ച് കണ്ടതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തിലെ ജാംനഗറിലുള്ള ആനന്ദ് അമ്പാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ 'വന്‍താര'യിലെ മെസിയുടെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ കൈകളില്‍ ഈ വാച്ചുണ്ട്.