പ്രതാപ ചന്ദ്രന് സസ്‌പെന്‍ഷന്‍; ഗര്‍ഭിണിയെ മര്‍ദ്ദിച്ച സിഐക്ക് എതിരെ ആഭ്യന്തര വകുപ്പ് നടപടി

Thursday 18 December 2025 11:30 PM IST

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലെത്തിയ ഗര്‍ഭിണിയെ മര്‍ദ്ദിച്ച എസ്എച്ച്ഒയ്ക്ക് എതിരെ ആഭ്യന്തര വകുപ്പിന്റെ നടപടി. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കി. 2024 ജൂണില്‍ ആണ് സ്റ്റേഷനിലെത്തിയ ഷൈമോള്‍ എന്ന യുവതിയെ ഇയാള്‍ മുഖത്ത് അടിക്കുകയും നെഞ്ചത്ത് തള്ളുകയും ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പുറത്ത് വന്നത്. കോടതിയില്‍ നിന്ന് ഉത്തരവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരിക്ക് ദൃശ്യങ്ങള്‍ കിട്ടിയത്. നിലവില്‍ അരൂര്‍ എസ്എച്ച്ഒ ആണ് പ്രതാപ ചന്ദ്രന്‍.

2024 ജൂണ്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം. പൊലീസ് പൊതുസ്ഥലത്ത് വച്ച് രണ്ടുപേരെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യുവതിയുടെ ഭര്‍ത്താവ് മൊബൈലില്‍ പകര്‍ത്തിയിരുന്നു. മഫ്തിലെത്തിയ പൊലീസ് ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ കസ്റ്റഡിയിലെഡുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതന്വേഷിച്ച് സ്റ്റേഷനിലെത്തിയ യുവതിയെ സിഐ പ്രതാപചന്ദ്രന്‍ മര്‍ദിക്കുകയായിരുന്നു. യുവതിയുടെ നെഞ്ചില്‍ പിടിച്ച് തള്ളുന്നതും മുകത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇതിനെതിരെ യുവതിയും കുടുംബവും പരാതിപ്പെട്ടെങ്കിലും പൊലീസ് ഇതെല്ലാം നിഷേധിച്ചിരുന്നു. യുവതി കൈക്കുഞ്ഞുങ്ങളെ സ്റ്റേഷനിലേക്ക് വലിച്ചുവെന്നും പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പൊലീസ് വിശദീകരണം. കൂടാതെ പരാതിക്കാരി പൊലീസുകാരെ മര്‍ദിച്ചെന്നും ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടണമെന്ന് യുവതിയും ഭര്‍ത്താവും ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാല്‍ ഇവര്‍ നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു.ഒരു വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് ദൃശ്യങ്ങള്‍ ലഭിച്ചതെന്ന് പരാതിക്കാരി പറയുന്നു. ഗര്‍ഭിണിയായിരുന്ന തന്നെ പൊലീസ് കൂട്ടം ചേര്‍ന്ന് മര്‍ദിച്ചെന്നും സംഭവം മൂടിവയ്ക്കാന്‍ ശ്രമിച്ചുവെന്നും യുവതി ആരോപിക്കുന്നു.