വിപണി വികസിപ്പിക്കാൻ സംരംഭ കൂട്ടായ്മ ഒരുക്കി കേര

Friday 19 December 2025 12:31 AM IST

കർഷക, ഉത്പ്പാദന, വാണിജ്യ സഖ്യങ്ങൾ രൂപീകരിക്കും

തിരുവനന്തപുരം: കർഷകർക്ക് വിപണിയൊരുക്കാൻ വികസന കൂട്ടായ്മകൾ രൂപീകരിക്കാൻ കേരയുടെ പദ്ധതി. ലോകബാങ്കിന്റെ സഹായത്തോടെ രണ്ട് കോടി രൂപ വരെ ഗ്രാന്റുമായി കർഷക-ബിസിനസ് കൂട്ടായ്മ സൃഷ്‌ടിക്കും. മൂന്ന് വർഷത്തെ സാങ്കേതിക സഹായവും ലഭ്യമാക്കും. കർഷകരുടെ ലാഭക്ഷമത മെച്ചപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചെറുകിട കർഷകരെ ഒരുമിപ്പിക്കുന്ന ഫാർമർ പ്രൊഡ്യൂസർ കമ്പനികളെയും(എഫ്.പി.സി) കാർഷിക ഉത്പ്പന്നങ്ങൾ വാങ്ങുന്ന അനുയോജ്യരായ ബിസിനസ് പങ്കാളികളെയും പദ്ധതിയിലൂടെ കൂട്ടിയിണക്കും. പദ്ധതിയിലൂടെ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന വിളകൾ രാജ്യാന്തര വിപണിയിലെത്തിക്കാനും കർഷകർക്ക് മികച്ച വില ലഭ്യമാക്കാനും കഴിയും.

 മൂന്ന് മേഖലകളിൽ പദ്ധതി

മൂന്നു മേഖലകളിലായി 150 വ്യത്യസ്ത ഉത്പാദന പങ്കാളിത്തങ്ങളാണ് യാഥാർത്ഥ്യമാക്കുന്നത്. ആദ്യ ഘട്ടത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 50 സഖ്യങ്ങൾ രൂപീകരിക്കും. അടുത്ത ഘട്ടത്തിൽ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കാർഷിക ഉത്പാദന സ്ഥാപനങ്ങളും വാണിജ്യ കമ്പനികളുമായുള്ള പങ്കാളിത്ത കരാറിന്റെ അടിസ്ഥാനത്തിൽ ഉത്പ്പാദന സഹായം, ബിസിനസ് വിപുലീകരണം എന്നിവയ്‌ക്കായി മൊത്തം ചെലവിന്റെ അറുപത് ശതമാനം 'കേര' യിലൂടെ ഗ്രാന്റായി നൽകും.

 10 കോടി വിറ്റുവരവുള്ളവർക്ക് അപേക്ഷിക്കാം ചുരുങ്ങിയത് 10 കോടി രൂപ വിറ്റുവരവുള്ള കർഷക-കാർഷികേതര കമ്പനികൾ, സൂപ്പർ മാർക്കറ്റ് ശൃംഖലകൾ, കയറ്റുമതിക്കാർ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം. ഡിസംബർ 31 നകം https://pa.kera.kerala.gov.in/auth/login എന്ന ലിങ്ക് വഴി അപേക്ഷിക്കണം. ചുരുങ്ങിയത് മൂന്ന് വർഷം പ്രവർത്തി പരിചയമുള്ള 200ൽ അധികം അംഗങ്ങളുള്ള പത്ത് ലക്ഷം രൂപ വിറ്റുവരവുള്ള കാർഷിക ഉത്പാദന കമ്പനികൾക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: +91 9037824038