യുവ സംരംഭകർക്കായി ഇന്നവേഷൻ ട്രെയിൻ യാത്ര

Friday 19 December 2025 12:32 AM IST

തിരുവനന്തപുരം:പ്രാദേശിക വിഷയങ്ങൾ തിരിച്ചറിയാനും പരിഹാര നിർദ്ദേശങ്ങൾ രൂപപ്പെടുത്താനുമായി യുവ സംരംഭകരെയും വഹിച്ചുള്ള ഇന്നവേഷൻ ട്രെയിൻ യാത്ര 21 ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് ആരംഭിക്കും.

ഇന്ത്യയിലെ ആദ്യത്തെ ചലനാത്മക സംരംഭകത്വ ആശയ പ്ലാറ്റ് ഫോമാണ് 'ഇന്നവേഷൻ ട്രെയിൻ'. കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം ) വിദ്യാർത്ഥി സംരംഭകർക്കായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഉച്ചകോടിയായ ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് സെന്റർ (ഐ.ഇ.ഡി.സി) ഉച്ചകോടിയുടെ ഭാഗമായാണ് യാത്ര സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള യുവസംരംഭകർ തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ യാത്ര ചെയ്യും. ഓരോ കോച്ചും പ്രത്യേക വിഷയങ്ങൾ പ്രദർശിപ്പിക്കുന്ന ഐഡിയേഷൻ സോണായി പ്രവർത്തിക്കും. പ്രോബ്ളം സ്റ്റേറ്റ്‌മെന്റ് ബോർഡുകൾ, ഗൈഡഡ് ഡിസൈൻ തിങ്കിംഗ് സെഷനുകൾ, റാപ്പിഡ് വാലിഡേഷൻ ടൂളുകൾ, മെന്റർ ഇന്ററാക്ഷൻ സ്ലോട്ടുകൾ, ലൈവ് പിച്ച് കോർണറുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. ഉപജീവനമാർഗ്ഗങ്ങൾ, പൊതു സേവനങ്ങൾ, കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കൽ, കൃഷി, മത്സ്യബന്ധനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹാരം അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും.