രൂപയുടെ മൂല്യത്തകർച്ചയിൽ ജി.എസ്.ടി നേട്ടമൊഴിയുന്നു

Friday 19 December 2025 12:36 AM IST

ബാദ്ധ്യത മറികടക്കാൻ കമ്പനികൾ വില കൂട്ടുന്നു

കൊച്ചി: ആഭ്യന്തര ഉപഭോഗം മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ചരക്കു സേവന നികുതി(ജി.എസ്.ടി) ഇളവിന്റെ നേട്ടങ്ങൾ രൂപയുടെ മൂല്യത്തകർച്ചയിൽ തകിടം മറിയുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം നടപ്പുവർഷം ആറ് ശതമാനം ഇടിഞ്ഞതോടെ ഉത്പാദന ചെലവിലുണ്ടായ വർദ്ധന മറികടക്കാൻ കമ്പനികൾ ഉത്പന്ന വില ഉയർത്തിയേക്കും. കഴിഞ്ഞ സെപ്തംബർ 22നാണ് ജി.എസ്.ടി സ്ളാബുകൾ നാലിൽ നിന്ന് രണ്ടായി കുറച്ചത്. ഇതോടെ 12 ശതമാനം നികുതിയുണ്ടായിരുന്ന 99 ശതമാനം ഉത്പന്നങ്ങളുടെയും ജി.എസ്.ടി അഞ്ച് ശതമാനമായി. ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയുടെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായും കുറഞ്ഞു. മൊത്തം 375 ഉത്പന്നങ്ങൾക്കാണ് ജി.എസ്.ടി ഇളവ് ലഭിച്ചത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം 91 കടന്ന് താഴേക്ക് നീങ്ങുന്നതിനാൽ കൺസ്യൂമർ ഇലക്ട്രോണിക്സ്, സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ, വാഹന നിർമ്മാതാക്കൾ അടുത്ത വർഷമാദ്യം വിലവർദ്ധന പ്രഖ്യാപിച്ചേക്കും. ഉത്പന്നങ്ങളുടെ വില അഞ്ച് മുതൽ എട്ടു ശതമാനം വരെ കൂട്ടാൻ നിർബന്ധിതരാകുമെന്ന് കമ്പനികൾ പറയുന്നു.

അസംസ്കൃത സാധനങ്ങളുടെ ഇറക്കുമതി ചെലവിലുണ്ടായ വർദ്ധന കമ്പനികളുടെ ലാഭക്ഷമതയ്ക്ക് വെല്ലുവിളി.

ആഭ്യന്തര ഉപഭോഗത്തിന് വെല്ലുവിളി

ജി.എസ്.ടി കുറഞ്ഞതോടെ മികച്ച ഉണർവ് നേടിയ ആഭ്യന്തര വിപണിയ്ക്ക് രൂപയുടെ റെക്കാഡ് മൂല്യത്തകർച്ച തിരിച്ചടിയാകുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 85 മുതൽ 87 വരെയാകുമെന്ന വിലയിരുത്തലിലാണ് കമ്പനികൾ ഉത്പന്ന വില നിശ്ചയിച്ചിട്ടുള്ളത്. രൂപ 91 കടന്ന് മൂക്കുകുത്തിയതോടെ കമ്പനികളുടെ ലാഭം കുത്തനെ കുറഞ്ഞു. വില വീണ്ടും ഉയർത്തിയാൽ ഗ്രാമ, നഗര മേഖലകളിൽ ഉപഭോഗ തളർച്ച ശക്തമാകുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.

വില കൂടുന്ന ഉത്പന്നങ്ങൾ

ടെലിവിഷൻ, വാഷിംഗ് മെഷീൻ, മൊബൈൽ ഫോൺ, ടെലിവിഷൻ, വാഹനങ്ങൾ, ഇ.വി, രാസവളം, സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ

പ്രതീക്ഷിക്കുന്ന വില വർദ്ധന

5 മുതൽ 8 ശതമാനം വരെ