കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രിക്കെതിരായ ഇ.ഡി നടപടികൾ 3 മാസം തടഞ്ഞു

Friday 19 December 2025 12:56 AM IST

ഐസക്ക്, എബ്രഹാം എന്നിവർക്കെതിരായ നടപടികൾക്കും സ്റ്റേ

കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് കിഫ്ബി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡിയുടെ അഡ്ജുഡിക്കേറ്റിംഗ് അതോറിട്ടി നൽകിയ കാരണം കാണിക്കൽ നോട്ടീസിലെ തുടർനടപടികൾ ഹൈക്കോടതി മൂന്നു മാസത്തേക്ക് തടഞ്ഞു. കിഫ്ബി വൈസ് ചെയർമാനായിരുന്ന മുൻ ധനമന്ത്രി തോമസ് ഐസക്ക്, സി.ഇ.ഒ ഡോ. കെ.എം. എബ്രഹാം എന്നിവർക്കെതിരായ നോട്ടീസിലെ നടപടികളും സ്റ്റേ ചെയ്തു. മുഖ്യമന്ത്രിയടക്കം നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഇടക്കാല ഉത്തരവ്. ഇ.ഡി അടക്കം എതിർകക്ഷികൾക്ക് നോട്ടീസിനും നിർദ്ദേശിച്ചു. നേരത്തേ കിഫ്ബി നൽകിയ ഹർജിയിൽ സ്ഥാപനത്തിനെതിരായ നോട്ടീസിലെ തുടർനടപടികൾ സിംഗിൾബെഞ്ച് സ്റ്രേ ചെയ്തിരുന്നു.

ഫെമ നിയമലംഘനമുണ്ടെന്ന ഇ.ഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അഡ്ജുഡിക്കേറ്റിംഗ് അതോറിട്ടി മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസയച്ചത്. മസാല ബോണ്ടിൽ നിന്നുള്ള ഫണ്ട് ഭൂമി വാങ്ങാൻ കിഫ്ബി ഉപയോഗിച്ചെന്നാണ് ആരോപണം. വികസനപ്രവർത്തനത്തിന് ഭൂമി ഏറ്റെടുക്കുന്നത് അനുവദനീയമാണെന്നും ഇത് റിയൽ എസ്റ്റേറ്റ് ഇടപാടായി കണക്കാക്കാനാകില്ലെന്നും വിലയിരുത്തിയാണ് കിഫ്ബിയുടെ ഹർ‌ജിയിൽ നേരത്തേ സിംഗിൾബെഞ്ച് സ്റ്റേ അനുവദിച്ചത്. ബോർഡ് അംഗങ്ങളെന്ന നിലയിൽ ഇത് തങ്ങൾക്കും ബാധകമാക്കണമെന്ന് ഹർജിക്കാർ വാദിച്ചു. ഡിവിഷൻബെഞ്ചിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്നും അതിനാൽ ഇടപെടരുതെന്നുമായിരുന്നു ഇ.ഡിയുടെ വാദം. ഇ.ഡിയുടെ അപ്പീൽ ഇനിയും പരിഗണനയ്ക്കു വന്നിട്ടില്ലാത്ത സാഹചര്യത്തിൽ ഇടക്കാല ഉത്തരവിന് അർഹതയുണ്ടെന്ന് സിംഗിൾബെഞ്ച് അറിയിച്ചു. ഹർജികൾ പിന്നീട് ഒരുമിച്ച് പരിഗണിക്കും.