സാംസ്കാരിക മന്ത്രാലയം ഉടക്കിട്ടു... കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാര പ്രഖ്യാപനം മാറ്റി പ്രഖ്യാപിക്കാനിരുന്നത് ഇന്നലെ മാറ്റിയത് അവസാന നിമിഷം
ന്യൂഡൽഹി: സാംസ്കാരിക മന്ത്രാലയം ഇടപെട്ടതിനെ തുടർന്ന് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് പ്രഖ്യാപനം അവസാന നിമിഷം മാറ്റി. രാജ്യത്തെ 24 ഭാഷകളിലെ മികച്ച കൃതികൾക്കുള്ള 22 അവാർഡുകൾ അക്കാഡമി നിശ്ചയിച്ച് പ്രഖ്യാപനം നടത്താനൊരുങ്ങവേയാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഉടക്കിട്ടത്. അവാർഡ് പട്ടികയിൽ മന്ത്രാലയത്തിന്റെ അനുമതി തേടാത്തതാണ് കാരണമെന്നാണ് സൂചന. രണ്ട് ഭാഷകളിലെ അവാർഡുകളിൽ തീരുമാനമായിട്ടില്ല.
ഇന്നലെ വൈകിട്ട് മൂന്നിന് വാർത്താസമ്മേളനത്തിൽ അവാർഡ് പ്രഖ്യാപിക്കാനായിരുന്നു അക്കാഡമി തീരുമാനം. മാദ്ധ്യമ പ്രവർത്തകർ ന്യൂഡൽഹി ഫിറോസ്ഷാ റോഡിലെ അക്കാഡമി ആസ്ഥാനമായ രവീന്ദ്ര ഭവനിൽ എത്തുകയും ചെയ്തു. അപ്പോഴാണ് മാറ്റിവച്ചെന്ന അറിയിപ്പ് എത്തിയത്. അക്കാഡമി ചരിത്രത്തിൽ ആദ്യമായാണ് സാംസ്‌കാരിക മന്ത്രാലയവുമായുള്ള തർക്കത്തിൽ പ്രഖ്യാപനം തടസപ്പെടുന്നത്.
അവാർഡ് പട്ടിക അംഗീകരിക്കാൻ അക്കാഡമി എക്‌സിക്യൂട്ടീവ് ബോർഡ് യോഗം നടക്കുന്നതിനിടെ കേന്ദ്ര സാംസ്കാരിക മന്ത്രാലയം അഡിഷണൽ സെക്രട്ടറിയെത്തി ഇപ്പോൾ പ്രഖ്യാപനം വേണ്ടെന്ന് നിർദ്ദേശിക്കുകയായിരുന്നു. ഇതിനെ ബോർഡ് അംഗങ്ങൾ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല.
കേരളത്തിൽ നിന്നുള്ള കെ.പി. രാമനുണ്ണി, ഒഡീഷയിൽ നിന്നുള്ള ഡോ. ഗൗരഹരി ദാസ് എന്നിവരടക്കം ഭൂരിപക്ഷം ബോർഡ് അംഗങ്ങളും കേന്ദ്ര നടപടിയിൽ വിയോജിപ്പ് രേഖപ്പെടുത്തി. അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മുൻ സെക്രട്ടറി കെ. ശ്രീനിവാസ റാവുവിന്റെ കാലത്ത് അക്കാഡമിയും സാംസ്‌കാരിക മന്ത്രാലയവുമായി ധാരണയുണ്ടാക്കിയിരുന്നു. ഇത് ലംഘിച്ചതാകാം സാംസ്കാരിക മന്ത്രാലയത്തെ പ്രകോപിച്ചതെന്ന് സൂചനയുണ്ട്.
'ഇടപെടൽ അനുവദിക്കാനാവില്ല'
സ്വയംഭരണ സ്ഥാപനമാണ് അക്കാഡമി. അതിന്റെ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടൽ അനുവദിക്കാനാകില്ലെന്നാണ് ഭൂരിപക്ഷം എക്‌സിക്യൂട്ടീവ് അംഗങ്ങളുടേയും നിലപാട്. എന്നാൽ, അക്കാഡമിക്ക് ഫണ്ട് അനുവദിക്കുന്നത് സർക്കാർ ആയതിനാൽ ധാരണ പാലിക്കണമെന്നാണ് അക്കാഡമി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സാംസ്‌കാരിക മന്ത്രാലയം ഡയറക്‌ടർ പല്ലവി പ്രശാന്ത് ഹോൾക്കറിന്റെ വാദം.
മലയാളത്തിലെ അവാർഡ്
എൻ. പ്രഭാകരന്
മലയാളത്തിൽ നിന്ന് അവാർഡ് പട്ടികയിൽ ഇടം നേടിയത് കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശിയും ചെറുകഥാകൃത്തും കവിയും നോവലിസ്റ്റുമായ എൻ. പ്രഭാകരൻ. അദ്ദേഹത്തിന്റെ 'മായമനുഷ്യർ' എന്ന നോവലിനാണിത്. ബെന്യാമിന്റെ 'നിശബ‌്‌ദ സഞ്ചാരങ്ങൾ' അടക്കം 10 കൃതികളിൽ നിന്നാണ് മായാമനുഷ്യർ തിരഞ്ഞെടുത്തത്. പുലിജൻമം എന്ന നാടകം അടക്കം മൂന്നു കൃതികൾക്ക് പ്രഭാകരന് നേരത്തെ കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്.