ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് ഡിജിറ്റൽ ലൈബ്രറി ഒരുങ്ങുന്നു
കൊല്ലം: വിദ്യാർത്ഥികൾക്ക് പുറമേ പൊതുജനങ്ങൾക്കും ലോകത്ത് എവിടെയിരുന്നും 24മണിക്കൂറും പ്രവേശിക്കാനായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് ഡിജിറ്റൽ ലൈബ്രറി ഒരുങ്ങുന്നു. സോഫ്ട്‌വെയർ ആസ് എ സർവീസ് മാതൃകയിൽ തയ്യാറാക്കുന്ന ഡിജിറ്റൽ ലൈബ്രറിയിൽ ജേർണലുകൾ,തീസീസുകൾ,ലക്ചർ നോട്ടുകൾ,പൊതു പരീക്ഷകൾക്കായുള്ള പഠന സാമഗ്രികൾ, ചരിത്രരേഖകൾ എന്നിവ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കടക്കം വിജ്ഞാന വിഭവങ്ങൾ തടസമില്ലാതെ ലഭ്യമാക്കുകയാണ് യൂണിവേഴ്സിറ്റിയുടെ ലക്ഷ്യം.
ഡിജറ്റൽ ലൈബ്രറി ഒരുക്കുന്ന ഏജൻസിയെ തിരഞ്ഞെടുക്കാനായി യൂണിവേഴ്സിറ്റി താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. മികച്ച നിർദ്ദേശം സമർപ്പിക്കുന്ന ഏജൻസിയുമായി കരാർ ഒപ്പിടും. ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കാൻ കൊച്ചിൻ ഷിപ്പ്‌യാർഡ് സി.എസ്.ആർ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു. ഇതിന് പുറമേ സ്വകാര്യ കമ്പിനി 5ലക്ഷം രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്. യൂണിവേഴ്സിറ്റിയുടെ ഫണ്ട് കൂടി വിനിയോഗിച്ചാകും ഡിജിറ്റൽ ലൈബ്രറി ഒരുക്കുക.
ഗുരുവിനായി പ്രത്യേക വിഭാഗം
ശ്രീനാരായണ ഗുരുവിന്റെ കൃതികൾക്ക് പുറമേ മറ്റ് കൃതികളുടെ വിശാലമായ ശേഖരവും ഉൾപ്പെടുത്തിയുള്ള പ്രത്യേക വിഭാഗവും ഡിജിറ്റൽ ലൈബ്രറിയിൽ ഉണ്ടാകും.
ഡിജിറ്റൽ ലൈബ്രറി യാഥാർത്ഥ്യമാകുന്നതോടെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സാന്നിദ്ധ്യം ആഗോള തലത്തിലാകും.
പ്രൊഫ. വി.പി.ജഗതിരാജ്
വൈസ് ചാൻസലർ, ഓപ്പൺ യൂണിവേഴ്സിറ്റി