ക്രിസ്മസ് -പുതുവത്സര വിപണി: പരിശോധന കടുപ്പിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്
കൊല്ലം: ക്രിസ്മസ്-പുതുവത്സര സീസണിൽ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധന കടുപ്പിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്. സാമ്പിളുകൾ ശേഖരിക്കുന്നതിന് ജില്ലയിൽ അഞ്ച് സ്‌ക്വാഡുകൾ രൂപീകരിച്ചു. കേക്ക്, മറ്റുള്ള ബേക്കറി വസ്തുക്കൾ നിർമ്മിക്കുന്ന ബോർമ്മകൾ, ചെറുകിട സംരംഭങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകും.
കേക്കുകൾ കൂടുതൽകാലം സൂക്ഷിക്കുന്നതിന് നിശ്ചിതതോത് മറികടന്ന് പ്രിസർവേറ്റീവുകൾ ചേർക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. 32 സാമ്പിളുകൾ എടുത്തതിൽ 10 എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഉൽപാദകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പൊട്ടാസ്യം സോർബേറ്റ്, സോഡിയം ബെൻസോവേറ്റ് എന്നിവ ചേർക്കുന്നതിന് നിശ്ചിതപരിധി ഭക്ഷ്യസുരക്ഷ നിയമപ്രകാരം അനുവദിച്ചിട്ടുണ്ട്.
അളവിൽ കൂടുതൽ ചേർത്താൽ പരിശോധനാഫലം പ്രതികൂലമായി രേഖപ്പെടുത്തി ഉത്പാദകർക്കെതിരെ പ്രോസിക്യൂഷൻ നടപടികളാണ് സ്വീകരിക്കുക. കഴിഞ്ഞ സാമ്പത്തിക വർഷം 67 കേക്കുകൾ ലാബ് പരിശോധന നടത്തിയതിൽ 32 എണ്ണം സുരക്ഷിതമല്ലെന്ന് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ കേസുകൾ ഫയൽ ചെയ്തിരുന്നു.
10 ലക്ഷം രൂപ വരെ പിഴ
പൊട്ടാസ്യം സോർബേറ്റ്, സോഡിയം ബെൻസോവേറ്റ് എന്നിവ 10 കിലോ കേക്കിൽ പരമാവധി 10 ഗ്രാം മാത്രമാണ് അനുവദനീയം
എല്ലാ ഉൽപ്പാദകരും ഉത്പന്നങ്ങൾ ആറ് മാസത്തിലൊരിക്കൽ ലാബ് ടെസ്റ്റ് നടത്തണം
വീടുകളിൽ കേക്ക് നിർമ്മിക്കുന്നവർ ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്ന് രജിസ്‌ട്രേഷനെടുക്കണം
അഞ്ച് വർഷത്തെ രജിസ്‌ട്രേഷന് 500 രൂപയാണ് ഫീസ്
ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷനോ ലൈസൻസോ ഇല്ലാതെയുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ വ്യാപാരം 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്
ചെറുകിട ഉൽപ്പാദകർ പ്രിസർവേറ്റീവ്‌സിന്റെ ഉപയോഗരീതിയും നിയന്ത്രണവും സംബന്ധിച്ച സംശയനിവാരണത്തിന് ഭക്ഷ്യസുരക്ഷാഓഫീസർമാരെ സമീപിക്കണം. സൗജന്യ പരിശീലനങ്ങളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം.
എ.സക്കീർ ഹുസൈൻ,
ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ