വി.സി: ഒത്തുതീർപ്പ് സംസ്ഥാന വിരുദ്ധമെന്ന് വി.ഡി. സതീശൻ

Friday 19 December 2025 12:14 AM IST

കൊച്ചി: വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പ് സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഏത് സംഘ്പരിവാർ നേതാവിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ഒത്തുതീർപ്പിന് തയ്യാറായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

വി.സി നിയമനത്തിന്റെ പേരിൽ ഗവർണർക്കെതിരെ സമരം നടത്തിയവരാണ് സി.പി.എം. സുപ്രീംകോടതി സംസ്ഥാനത്തിന് അനുകൂലമായ ഘട്ടത്തിലാണ് മുഖ്യമന്ത്രി ഒത്തുതീർപ്പുണ്ടാക്കിയത്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും സംഘ്പരിവാർ നേതാക്കളും പറഞ്ഞാൽ എവിടെയും ഒപ്പിട്ടുകൊടുക്കുന്ന ആളാണ് മുഖ്യമന്ത്രി. പാർട്ടിയിലോ മുന്നണിയിലോ മന്ത്രിസഭയിലോ ആലോചിക്കാതെ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടതിനു പിന്നാലെയാണ് പി.എം ശ്രീയിൽ ഒപ്പുവച്ചത്. സിനിമാ വിലക്കിനെതിരെ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി പാരഡി ഗാനത്തിനെതിരെ കേസെടുപ്പിച്ചത് അപമാനകരമാണ്. പാട്ടിന്റെ അണിയറയിൽ പ്രവർത്തിച്ചവരെ യു.ഡി.എഫ് നിയമപരമായും രാഷ്ട്രീയമായും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.