വി.സി നിയമനങ്ങൾ അംഗീകരിച്ചു: ഏറ്റുമുട്ടൽ അവസാനിച്ചല്ലോ! സന്തോഷം: സുപ്രീംകോടതി ഗവർണർക്കും മുഖ്യമന്ത്രിക്കും അഭിനന്ദനം

Friday 19 December 2025 12:15 AM IST

ന്യൂഡൽഹി: ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വി.സിമാരെ നിയമിച്ചതിലും, ഈ വിഷയത്തിൽ ഗവർണർ-മുഖ്യമന്ത്രി പോര് അവസാനിച്ചതിലും സന്തോഷമെന്ന് സുപ്രീംകോടതി.

സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ ഗവർണർ നിയമന വിജ്ഞാപനമിറക്കാൻ പാടില്ലായിരുന്നുവെന്ന് സർക്കാർ അഭിപ്രായപ്രകടനം നടത്തിയെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല. വിഷയം അവസാനിപ്പിക്കാമെന്ന നിലപാട് സ്വീകരിച്ചു.

കോടതി നിർദേശപ്രകാരം

ജസ്റ്റിസ് സുധാൻഷു ധൂലിയ സമിതി തയ്യാറാക്കിയ പാനലിൽ നിന്നുള്ളവരെ തന്നെ വി.സിമാരായി നിയമിച്ചുവെന്ന് ഗവർണറും സർക്കാരും അറിയിച്ചപ്പോഴാണ് കോടതി സന്തുഷ്ടി പ്രകടിപ്പിച്ചത്.

പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സുപ്രീംകോടതിയുടെ സമയോചിതവും നിർണായകവുമായ ഇടപെടൽ എത്രത്തോളം ഫലപ്രദമാകുമെന്നതിന്റെ ഉദാഹരണമാണ് ഈ കേസെന്നും ചൂണ്ടിക്കാട്ടി.

കോടതി എന്തുകൊണ്ട് അങ്ങനെയൊരു നിലപാടെടുത്തുവെന്ന് ഓർമ്മപ്പെടുത്താനും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് തയ്യാറായി.

രണ്ട് പ്രധാന സർവകലാശാലകൾക്ക് സ്ഥിരം വി.സിയുണ്ടായിരുന്നില്ല. ഗവർണറും സർക്കാരും സമവായത്തിലെത്തുന്നില്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. വിദ്യാർത്ഥികൾ,മാതാപിതാക്കൾ,അദ്ധ്യാപകർ,ജീവനക്കാർ എന്നിവരുടെ ബുദ്ധിമുട്ടുകളെ കുറിച്ച് കോടതിക്ക് ആശങ്കയുണ്ടായിരുന്നു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള നേർക്കുനേർ ഏറ്റുമുട്ടലിൽ അവരാണ് ഇടയിൽപ്പെട്ടു പോയത്. സ്ഥിരം വി.സി വേണമെന്നതായിരുന്നു കോടതിയുടെ താത്പര്യം. അതിനാണ് ശ്രമിച്ചത്.

കോടതിയുടെ നിലപാടുകൾ മാനിച്ച ഗവർണറെയും സർക്കാരിനെയും അഭിനന്ദിച്ചു. ധൂലിയ സമിതിക്കും നന്ദി. ഗവർണർക്കു വേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയും, സ‌ർക്കാരിനു വേണ്ടി അ‌ഡ്വ. ജയ്ദീപ് ഗുപ്‌തയുമാണ് ഹാജരായത്. സംഭവബഹുലമായ പരമ്പരയ്‌ക്ക് സന്തോഷകരമായ ക്ലൈമാക്‌സ് കുറിക്കാൻ സഹായിച്ചതിന് ഇരുവരെയും കോടതി അഭിനന്ദനം അറിയിച്ചു.

ക്ഷണിച്ചത് ഗവർണർ;

കൂടിക്കാഴ്ചകൾ തുടരണം

ഗവ‌ർണറാണ് മുഖ്യമന്ത്രിയെ ലോക്‌ഭവനിലേക്ക് ക്ഷണിച്ചതെന്ന് അറ്രോർണി ജനറൽ അറിയിച്ചു. പൊതുതാത്പര്യം മുൻനിർത്തി ഭാവിയിലും ഇരുവരും ഇത്തരത്തിൽ കൂടിക്കാഴ്ചകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി പ്രതീക്ഷ പ്രകടിപ്പിച്ചു. കോടതിയുടെ സമയോചിതമായ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ സമവായമുണ്ടാകുമായിരുന്നില്ലെന്ന് സർക്കാരിന്റെ അഭിഭാഷകൻ പറ‌ഞ്ഞു. ഡോ. സിസാ തോമസിനെ സാങ്കേതിക സർവകലാശാല വി.സിയായും, ഡോ. സജി ഗോപിനാഥിനെ ഡിജിറ്റൽ സർവകലാശാല വി.സിയായുമാണ് നിയമിച്ചത്.