മൂന്നാം പിണറായി സർക്കാർ വരുമെന്ന് വെള്ളാപ്പള്ളി
ചേർത്തല: യാഥാർത്ഥ്യ ബോധത്തോടെ തദ്ദേശ തിരഞ്ഞെടുപ്പുഫലം വിലയിരുത്തിയാൽ എൽ.ഡി.എഫിന് തിരിച്ചടിയില്ലെന്ന് തെളിയുമെന്നും മൂന്നാം പിണറായി സർക്കാർ വരുമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ വോട്ടിംഗ് രീതിയല്ല നിയമസഭയിലേത്. പല പ്രധാന ജില്ലകളിലും മുൻതൂക്കം എൽ.ഡി.എഫിനു തന്നെയാണ്. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ല. പത്തുകൊല്ലം ഒന്നിച്ചിരുന്നിട്ടും എല്ലാ സുഖങ്ങളുമനുഭവിച്ചിട്ടും തദ്ദേശത്തിൽ തോറ്റപ്പോൾ സി.പി.ഐ അടക്കം ഘടകകക്ഷികൾ പഴിയെല്ലാം പിണറായിക്ക് വച്ചു. ഇത് കുതികാൽവെട്ടിന് തുല്യമാണ്.
കോർപ്പറേഷൻ തോൽവിക്ക് കാരണം
ആര്യാ രാജേന്ദ്രന്റെ ധാർഷ്ട്യം
തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി വിജയത്തിനു വഴിതെളിച്ചത് മേയർ ആര്യാ രാജേന്ദ്രന്റെ പക്വതയില്ലായ്മയും ധാർഷ്ട്യവുമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവർക്കെതിരെ കേസെടുത്തത് അഹങ്കാരം മൂലമാണ്. ആ പ്രവൃത്തി ഇന്നും ലൈവായി ചർച്ച ചെയ്യപ്പെടുകയാണ്.